auto-prak-1
ഓട്ടോറിക്ഷ പാർക്കിന് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ നിർവഹിക്കുന്നു

എരുമപ്പെട്ടി: കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ പന്നിത്തടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള പദ്ധതികൾക്ക് തുടക്കം. ഇതിന്റെ ഭാഗമായി അക്കിക്കാവ് കേച്ചേരി ബൈപാസ് റോഡിലെ ഓട്ടോ പാർക്ക് മാറ്റി സ്ഥാപിച്ചു. അക്കിക്കാവ് കേച്ചേരി ബൈപാസ് റോഡ് പന്നിത്തടം സെന്ററിലൂടെയാണ് കടന്ന് പോകുന്നത്.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ കുന്നംകുളം ടൗൺ ഒഴിവാക്കുന്നതിനും ഏറ്റവും എളുപ്പമാർഗമായും ബൈപാസ് റോഡിനെയാണ് ആശ്രയിക്കുന്നത്. ബൈപാസ് റോഡിൽ പന്നിത്തടം സെന്ററിലുള്ള ഓട്ടോറിക്ഷാ പാർക്ക് ഗതാഗത കുരുക്കിന് ഇടയാക്കിയിരുന്നു. 40 വർഷത്തിലധികമായി നിലനിന്നിരുന്ന ഓട്ടോറിക്ഷ പാർക്ക് കടങ്ങോട് പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് വീതി കൂടിയ കുന്നംകുളം - വടക്കാഞ്ചേരി റോഡിലേക്ക് മാറ്റി സ്ഥാപിച്ചു.

ആർ.ടി.ഒ, പൊലീസ്, പി.ഡബ്ലിയു.ഡി, കുന്നംകുളം താലൂക്ക് തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ഓട്ടോറിക്ഷ തൊഴിലാളികളെയും, കച്ചവടക്കാരെയും, സംയുക്തമായി വിളിച്ചു ചേർത്താണ് ഗതാഗത തടസത്തിന് പരിഹാരമുണ്ടാക്കിയത്. ഓട്ടോ തൊഴിലാളികളുടെയും, വ്യാപാരികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ പുതിയ ഓട്ടോറിക്ഷ പാർക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ നിർവഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം. നൗഷാദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ചെയർമാൻമാരായ ജലീൽ ആദൂർ, കെ.ആർ. സിമി, മെമ്പർമാരായ കെ.കെ. മണി, കാഞ്ചന മോഹൻ, ബബിത രവി, വെഹിക്കിൾ ഇൻസ്‌പെക്ടർ സുനിൽകുമാർ സംസാരിച്ചു.