തൃശൂർ: കുടിവെള്ളം കാര്യക്ഷമവും സമയബന്ധിതവുമായി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാട്ടർ എഫിഷ്യന്റ് പദ്ധതിയുമായി തൃശൂർ കോർപറേഷൻ. 4.21 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ജി.പി.എസ് സർവേയിലൂടെ 18,000 ഉപഭോക്താക്കളെ ടാഗ് ചെയ്തു. കോർപറേഷനിലെ പഴയ മുനിസിപ്പൽ പ്രദേശത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.
നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നടപ്പിലാക്കുക. ശുദ്ധജല ശോഷണവും ജല മോഷണവും കണ്ടെത്തുക, ജല വിതരണ ശൃംഖല കൃത്യമായി മനസിലാക്കുകയും, രേഖപ്പെടുത്തുകയും ചെയ്യുക എന്നിവ ഈ പദ്ധതിയിലൂടെ സാദ്ധ്യമാകും. ഭാവിയിൽ എല്ലാ ജല വിതരണ മാർഗ്ഗങ്ങളും ആധുനിക രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും സാധിക്കും. ഭൂമിക്കടിയിലുള്ള മുഴുവൻ പൈപ്പ് ലൈനുകളും മാപ്പ് ചെയ്യാനും ഡ്രോൺ ഉപയോഗിച്ച് നിലവിലുള്ള കെട്ടിടങ്ങൾ മാർക്ക് ചെയ്യാനും ഇതിലൂടെ സാദ്ധ്യമാകും. കൂടാതെ ഐ.ഒ.ടി, സെൻസറുകൾ എന്നിവ ഉപയോഗിച്ച് പൈപ്പ് ലൈനിലെ പൊട്ടലുകൾ പെട്ടെന്ന് മനസിലാക്കി നടപടിയെടുക്കാനും ജി.പി.എസ് ഉപയോഗിച്ച് നിലവിലുള്ള ഉപഭോക്താക്കളുടെ കെട്ടിടം രേഖപ്പെടുത്താനും കഴിയും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. എട്ടുമാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് പ്രവർത്തന ചുമതല...