കൊടുങ്ങല്ലൂർ: നഗരസഭയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് 56 പേർക്ക് നൽകുവാനുള്ള ഗുണഭോക്തൃ ലിസ്റ്റ് കൗൺസിൽ അംഗീകരിച്ചു. മെഡിസിൻ വിദ്യാർത്ഥികൾക്ക് 50,000 രൂപയും എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് 25,000 രൂപയും ഡിഗ്രി വിദ്യാർത്ഥികൾക്ക് 20,000 രൂപയും ഡിപ്ലോമക്കാർക്ക് 15000 രൂപയും മറ്റുള്ളവർക്ക് 10,000 രൂപയും സ്കോളർപ്പ് നൽകും.
വാർഡ് 28ൽ മീൻപറ്റിപ്പാടം ബൈലൈൻ റോഡിന് സമീപം 40 മീറ്റർ ഉയരത്തിൽ സ്വകാര്യ കമ്പനിയുടെ ടെലികമ്മ്യൂണിക്കേഷൻ ടവർ നിർമ്മിക്കുന്നതിന് നൽകിയ അപേക്ഷ വാർഡ് കൗൺസിലറുടെയും ജനങ്ങളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.
നഗരസഭ വാർഡ് ഏഴിൽ കഴിഞ്ഞ പ്രളയത്തിൽ തോടിന്റെ കുറുകെയുണ്ടായിരുന്ന സ്ളൂയിസ് കം ബ്രിഡ്ജ് തകർന്നത് പുനർനിർമ്മിക്കുന്നതിനായി 4,60,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. വാർഡ് 35ൽ ആയുർവേദ ആശുപത്രി പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പരിസരവാസികൾ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ 150 മീറ്റർ പൈപ്പ് ഇടുന്നതിനും ഡ്രെയിൻ നിർമ്മിക്കുന്നതിനും 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും കൗൺസിൽ അംഗീകരിച്ചു. ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.