vadiyanchira-bund
വടിയൻ ചിറ ബണ്ട്

കൊടകര: ആളൂർ പഞ്ചായത്തിലെ അയ്യൻപട്കയിൽ ചിറ കെട്ടിയാൽ കൃഷിനശിക്കുമെന്ന ആശങ്കയിൽ കർഷകർ. ഒരു കാലത്ത് നെൽപ്പാടങ്ങളായിരുന്നു ഇവിടമെല്ലാം. ലാഭകരമല്ലാതായതും തൊഴിലാളികളുടെ അഭാവവും ഉണ്ടായതോടെ കർഷകർ നെൽക്കൃഷി തന്നെ ഉപേക്ഷിച്ചു.

കൊള്ളി, വാഴ തുടങ്ങിയ പച്ചക്കറിക്കൃഷികളാണ് കാലങ്ങളായി ഇവിടെ ചെയ്തുവരുന്നത്. എന്നാൽ ചിറകെട്ടിയാൽ 50 ഏക്കറോളം സ്ഥലത്തെ കൃഷികളെല്ലാം വെള്ളക്കെട്ടിൽ ചീഞ്ഞുപോകുമെന്ന ആശങ്കയിലാണ് കർഷകർ.

കൊള്ളി, വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികളുണ്ടായിരുന്നെങ്കിലും ചിറകെട്ടിയ വെള്ളക്കെട്ടിൽ ഭൂരിഭാഗവും നശിച്ചു. വടിയൻചിറ പാടത്ത് നിന്ന് തുടങ്ങി തൊമ്മാന പാടത്ത് അവസാനിക്കുന്ന വടിയൻചിറ തോട്ടിൽ നാല് വർഷം മുമ്പ് ചിറകെട്ടിയതോടെ അയ്യൻപട്കയിലും വടിയൻചിറ പാടത്തും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.

ഈ വെള്ളക്കെട്ട് കർഷകരെ നിരാശരാക്കിയെങ്കിലും തുടർന്നും കൃഷിചെയ്യാൻ തന്നെയാണ് കർഷകരുടെ ആഗ്രഹം. എന്നാൽ വേനൽക്കാലമായതോടെ വീണ്ടും ചിറകെട്ടുമോയെന്ന ആശങ്കയിലാണ് കർഷകർ.

ആശങ്കയിൽ

കൃഷിനാശ ഭീഷണിയിലുള്ളത് - 50 ഏക്കർ

കൃഷി ചെയ്തുവരുന്നത് കൊള്ളി, വാഴ എന്നിവ

4 വർഷം മുമ്പ് ചിറ കെട്ടിയപ്പോൾ വൻനാശം

കൃഷി നശിച്ചത് വടിയൻചിറ മുതൽ തൊമ്മാന വരെ

അയ്യൻപട്ക മണൽ നിറഞ്ഞ ഭൂപ്രദേശമാണ്. വർഷം തോറും ചിറകെട്ടി വെള്ളക്കെട്ട് സൃഷ്ടിച്ച് കൃഷി നശിപ്പിക്കുകയും സ്ഥലം ഭൂമാഫിയക്ക് നിസാരവിലക്ക് കൈക്കലാക്കി മണൽ ഖനനം ചെയ്യുകയാണ് ചിലരുടെ ലക്ഷ്യം. കോടിക്കണക്കിന് രൂപ മുടക്കി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മഴക്കുഴികൾ നിർമ്മിക്കുകയും നശിച്ച തോടുകളെയും തണ്ണീർത്തടങ്ങളെയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ സമയം അയ്യൻപട്കയിലെ തണ്ണീർത്തടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.

- കർഷകർ