ചാലക്കുടി: പോട്ട ആശ്രമം വഴിയിൽ തച്ചുടപ്പറമ്പ് തോട്ടിന് സമീപം ആ കാഴ്ച കണ്ട് ആളു കൂടി. രണ്ട് മൂർഖൻ പാമ്പുകൾ ഇണചേരുകയാണ്. വെള്ളമൊഴിഞ്ഞ തോട്ടിലെ പാമ്പുകളുടെ അനുരാഗ രംഗം വീക്ഷിച്ച് മുകളിൽ കുറെ ആളുകൾ. ചിലരെല്ലാം അത് മൊബൈലിൽ പകർത്തുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നെങ്കിൽ ഇണചേരുന്ന പാമ്പുകളെ നോക്കി നിൽക്കാനേ ആളുണ്ടാകില്ല.

അതെല്ലാം പഴങ്കഥയായി. ഇനിയും ഇത്തരം കാഴ്ചകൾ ഉണ്ടായേക്കാം. കാരണം ഇപ്പോൾ പാമ്പുകളുടെ മധുവിധു കാലമാണ്. രാജവെമ്പാല, മൂർഖൻ, അണലി തുടങ്ങി വിഷപ്പാമ്പുകളുടെ ഇണചേരൽ ഫെബ്രുവരിയിലാണ്. മലമ്പാമ്പുകൾക്കും ഇത് ഇണചേരലിന്റെ നാളാണ്. കാടുകളും തോടുകളും കുറയുന്നതിനാൽ ജനവാസ കേന്ദ്രത്തിൽ ഇത്തരം കാഴ്ചകൾ ദൃശ്യമാകും. ഇത്തരം സന്ദർഭങ്ങളിലൊന്നും പാമ്പുകൾ മറ്റ് ജീവികളെ ആക്രമിക്കാറില്ല. പക്ഷേ ബാഹ്യമായ ഇടപെടലുണ്ടായാൽ പ്രകോപിതരായേക്കാം. അതിനാൽ ഇവയെ ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.

ധീര യോദ്ധാവിന് പെൺമനം

പല ആണിനെയും തോൽപ്പിച്ചാകും ഒരാൾ ഇണ ചേരാനുള്ള അർഹത നേടുന്നത്. ഇത്തരം പ്രവണത കൂടുതലും രാജവെമ്പാലകളിലാണ് കാണുന്നതെന്ന് ശസ്ത്രജ്ഞർ പറയുന്നു. കിടമത്സരത്തിൽ ആണുങ്ങൾക്ക് പലതിനും ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും. വിജയിച്ചെത്തുന്ന വീരനെ മാത്രമേ പ്രിയതമ സ്വീകരിക്കൂ.

ഇണ ചേർന്ന ശേഷം പാമ്പുകൾ അവരുടെ പാട്ടിനു പോകും. ആരും ഇവയെ ഉപദ്രവിക്കരുതെന്നാണ് വനംവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇണ ചേരുന്ന സന്ദർഭങ്ങളിൽ അവയുടെ അടുത്തെത്തിയുള്ള നിരീക്ഷണം അപകടരമാണ്. വീട്ടുമുറ്റത്തോ മറ്റോ ഇത്തരം കാഴ്ചകളുണ്ടായാൽ ഉടനെ വിവരം അറിയിക്കുന്നതാണ് ഉചിതമെന്ന് ഫോറസ്റ്റ് അധികൃതർ നിർദ്ദേശിക്കുന്നു.

പരിസരത്ത് പൂവാലശ്യവും !

മധുവിധുവെല്ലാം കഴിഞ്ഞ് ചില പൂവാലന്മാർ പരിസരത്ത് ചുറ്റിത്തിരിയാറുണ്ട്. പെൺപാമ്പുകളിൽ നിന്നും പുറത്തുവരുന്ന ഫിറമോൺ പരിസരത്ത് ദിവസങ്ങളോളം തങ്ങിനിൽക്കും. ഇതിന്റെ മണം പിടിച്ചാകും മറ്റുള്ളവരെത്തുക. ഒരു രാജവെമ്പാലയെ കാണുന്നിടത്ത് വീണ്ടും ഇവ പ്രത്യക്ഷപ്പെടുന്നതിന്റെ രസതന്ത്രവും ഇതുതന്നെ.