പരിക്കേറ്റവരിൽ സ്ത്രീകളും രണ്ടുവയസുകാരനും പത്രവിതരണക്കാരനും

മണ്ണുത്തി: പട്ടിക്കാട് പാണഞ്ചേരിയിൽ നായയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേർക്ക് പരിക്ക്. പത്രവിതരണക്കാർ, പുലർച്ചെ നടക്കാനിറങ്ങിയ സ്ത്രീകൾ മുതൽ രണ്ടരവസുകാരന് വരെ നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തൃശുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഒരൊറ്റ നായയാണ് ആക്രമണം നടത്തിയത്. ഇതിൽ അഞ്ച് പേരെ ഇതേ നായ തിങ്കളാഴ്ച വൈകിട്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.

പാണഞ്ചേരി മേഖലയിലെ തെക്കുംപാടം, പട്ടിക്കാട് പഞ്ചായത്തിന്റെ മുൻവശം, ദേശീയപാത പട്ടിക്കാട് സെന്റർ, ചെമ്പൂത്തറ അമ്പല പരിസരം, ചണോത്ത് പരിസരം എന്നിവിടങ്ങളിലായിരുന്നു നായയുടെ അക്രമം അരങ്ങേറിയത്. തിങ്കളാഴ്ച വൈകിട്ട് മുതൽ ഇന്നലെ പുലർച്ചെ ആറ് വരെയായിരുന്നു ഒറ്റയാനായ നായ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. തലേന്ന് തെക്കുംപാടത്ത് ആക്രമണം നടത്തിയ നായ ഇന്നലെ പുലർച്ചെ പ്രത്യക്ഷപ്പെടുകയായിരുന്നു.

പാണഞ്ചേരി പഞ്ചായത്തിന് മുൻവശം റോഡിൽ നടക്കാനിറങ്ങിയവരെ ആക്രമിച്ച നായ പിന്നീട് പട്ടിക്കാട് സെന്ററിലെ ഹോട്ടലിലേക്ക് ബസ് ഇറങ്ങി ഇരുട്ടിൽ സഞ്ചരിച്ചിരുന്ന സജീവിന്റെ മുന്നിലേക്ക് എടുത്ത് ചാടി. കഴുത്ത് വരെ ചാടിയ നായ ഒടുവിൽ ഇയാളുടെ ഇടതു കൈയ്യിൽ കടിച്ചു തുങ്ങി നിൽക്കുകയായിരുന്നത്രെ. ഒടുവിൽ കൈയിലുണ്ടായിരുന്ന ടോർച്ച് കൊണ്ട് നിരവധിതവണ അടിച്ചതിന്‌ ശേഷമാണ് നായ പിടി വിട്ടതത്രെ. വസ്ത്രമെല്ലാം കീറിയ നിലയിൽ കടയിൽ അഭയം പ്രപിക്കുകയുമായിരുന്നു സജീവ്.

ഇതേ നായ പിന്നീട് പത്രവിതരണക്കാരനെയും, അമ്പല ദർശനം നടത്തി മടങ്ങുന്നയാളെയും അടക്കം നിരവധിപേരെ കടിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റവർ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തി പിന്നീട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ആംബുലൻസിൽ ആദ്യം തൃശുർ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി.

അടിയന്തര ഇടപെടലുമായി പഞ്ചായത്ത്

പാണഞ്ചേരി പഞ്ചായത്തിൽ പേവിഷബാധയുള്ളതായി സംശയിക്കുന്ന നായ രണ്ട് ദിവസങ്ങളിലായി 12 പേരെ കടിച്ച് പരിക്കേൽപ്പിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുകയും പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു. കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ജാഗരൂകരായിരിക്കണമെന്ന് മൈക്കിൽ അനൗൺസ്മെന്റ് നടത്തി. സ്ഥലം എം.എൽ.എ കൂടിയായ ചീഫ് വിപ്പ് കെ. രാജന്റെ ഇടപെടലിന്റെ ഭാഗമായി കോർപറേഷനുമായി ബന്ധപ്പെട്ട് എ.ബി.സി പ്രവർത്തകരെത്തി നായകളെ പിടികൂടി.


അക്രമം അരങ്ങേറിയത്

പാണഞ്ചേരി മേഖലയിലെ തെക്കുംപാടം, പട്ടിക്കാട് പഞ്ചായത്തിന്റെ മുൻവശം, ദേശീയപാത പട്ടിക്കാട് സെന്റർ, ചെമ്പൂത്തറ അമ്പല പരിസരം, ചണോത്ത് പരിസരം

പരിക്കേറ്റവർ

പട്ടിക്കാട് സ്വദേശി കാരിക്കുഴി വീട്ടിൽ സജി യാക്കോബ്(54), ഇരട്ടൻ പറമ്പിൽ വീട്ടിൽ അനിൽ കുമാർ (46), ചെന്നായ് പാറ സ്വദേശി മേൽവീട്ടിൽ സജീവ് (52), ചെമ്പൂത്തറ സ്വദേശി അന്തുർ വീട്ടിൽ രാമകൃഷ്ണൻ (70), ചാണോഞ്ഞ് മച്ചിങ്ങൽ വീട്ടിൽ ശ്യാമള (47), ചാണോത്ത് ആന്തുർ വീട്ടിൽ രാജു ഭാര്യ അബിത (36), പത്തം ക്ലാസ് വിദ്യാർത്ഥി ആരതി (14), കല്ലിങ്ങൽ ജിൽസന്റെ ഭാര്യ ദീപ്തി (24), കല്ലിങ്ങൽ നിക്‌സൻ മകൾ സിനിയ (5), കോഴിപ്പാടൻ രാജൻ ഭാര്യ ഗൗരി (62), കോൺപറമ്പിൽ അജിത മകൻദേവിക് (2), പടയാട്ടിൽ വീട്ടിൽ ടോണി എന്നിവർക്കാണ് കടിയേറ്റത്.