തൃശൂർ: ദക്ഷിണേന്ത്യ കണ്ട ഏറ്റവും മഹാനായ സിദ്ധവൈദ്യനാണ് രാമാനന്ദ സ്വാമികളെന്ന് സ്വാമി സച്ചിദാന്ദ. ചാലക്കുടി ഗായത്രീ ആശ്രമത്തിൽ രാമാനന്ദ സ്വാമികളുടെ 125-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ അന്ത്യകാലത്തെ ശിഷ്യന്മാരിൽ പ്രമുഖനായ സ്വാമി രാമാനന്ദ സന്യാസിസംഘമായ ശ്രീനാരായണ ധർമ്മസംഘത്തിന്റെ സ്ഥാപകന്മാരിൽ പ്രമുഖനാണ്. കവി, ആയുർവേദാചാര്യൻ, സംഘാടകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഗുരു സന്ദേശ പ്രചാരകൻ, ആത്മീയാചാര്യൻ എന്നീ നിലകളിൽ സ്വാമികൾ ചെയ്ത സേവനങ്ങൾ അവിസ്മരണീയമാണെന്നും സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
അനാചാരങ്ങൾ ഇല്ലാതാക്കാൻ ബോധാനന്ദ സ്വാമികളാടൊപ്പം സ്വാമി രാമാനന്ദ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീനാരായണീയർക്കായി സ്ഥാപിതമായ കൊച്ചിൻ നാഷണൽ ബാങ്കിന്റെ ഡയറക്ടറായും ശശീന്ദ്രസോപ്പിന്റെ നിർമ്മാതാതാവായും പ്രശസ്തി നേടിയിരുന്നു. സ്വാമികളുടെ ശിഷ്യന്മാരിൽ പ്രമുഖനായ സി.ആർ. കേശവൻ വൈദ്യർക്ക് ചന്ദ്രിക സോപ്പ് നിർമ്മാണത്തിന് ഉപദേശം നല്കിയതും സ്വാമികളാണെന്നും സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു.