പുതുക്കാട്: ബസാർ റോഡ് വികസനം പാതിവഴിയിൽ മുടങ്ങി. ഇഴഞ്ഞു നീങ്ങിയ പ്രവർത്തനം ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും നവീകരണം പൂർത്തിയായില്ല. വ്യാപാരികളും പൊതുജനങ്ങളും ദുരിതം അനുഭവിക്കുകയാണ്. മഴക്കാലത്ത് ചെളിയും മഴ നിലച്ചതോടെ പൊടിശല്യവും രൂക്ഷമാണ്.
വ്യാപാര സ്ഥാപനങ്ങളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപരികൾ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ ധർണ്ണ വരെ നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കൈയേറി നിർമ്മിച്ച ചില വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കേണ്ട സാഹചര്യം വന്നതോടെ എതാനും വ്യാപാരികൾ കോടതിയെ സമീപിച്ചു. തങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാതിരിക്കാൻ സ്റ്റേ വാങ്ങിയിരിക്കുകയാണ്.
പഞ്ചായത്ത് കിണർ വരെ നികത്തിയെടുത്തവർ റോഡ് നവീകരണത്തെ തടസപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നതിനിടെയാണ് കരാറുകാരനും പ്രവൃത്തികൾ നിറുത്തിവയ്ക്കുന്നത്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രത്യേക താത്പര്യം എടുത്താണ് മൂന്നു കോടി രൂപ ചെലവിട്ട് ബസാർ റോഡ് നവീകരിക്കുന്നത്. ഇരുവശത്തും കോൺക്രീറ്റ് കാനകളും കാനകൾക്ക് മുകളിൽ സ്ലാബുകൾ നിരത്തി ടൈലുകൾ പാകുന്നതുമാണ് പ്രവൃത്തി.
നിവേദനം നൽകി
ബസാർ റോഡ് വികസനം വേഗത്തിൽ പൂർത്തീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപെട്ട് പൊതുപ്രവർത്തകൻ ജോയ് മഞ്ഞളി മനുഷ്യാവകാശ കമ്മിഷന് നിവേദനം നൽകി. ഇന്നലെ തൃശൂരിൽ നടന്ന സിറ്റിംഗിനിടെയാണ് നിവേദനം നൽകിയത്.