meenu-thomas
മീനു തോമസ്

മാള: കേരളത്തിന്റെ മിന്നും താരമായി മീനു തോമസ് ബാൾ ബാഡ്മിന്റനിൽ സ്വർണ മെഡൽ കരസ്ഥമാക്കി. മാളപള്ളിപ്പുറം ചക്കാലക്കൽ തോമസിന്റെ മകൾ മീനു കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സീനിയർ ദേശീയ മത്സരത്തിലാണ് സ്വർണ മെഡൽ നേടിയത്. കോഴിക്കോട് സർവകലാശാല ടീം നായിക കൂടിയായ മീനു ഇതിനകം നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. മാള കാർമ്മൽ കോളേജിലെ എം.എ. സോഷ്യോളജി രണ്ടാം വർഷ വിദ്യാർത്ഥിനിയായ മീനു ആലപ്പുഴ നടന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്. പ്ലസ് വൺ പഠിക്കുമ്പോഴാണ് ഈ കായിക ഇനത്തിലേക്ക് കടന്നത്. അതുവരെ ലോംഗ് ജംപ് ഇനത്തിലായിരുന്നു മികവ് പ്രകടിപ്പിച്ചിരുന്നത്. സൊക്കോർസോ സ്‌കൂളിൽ പഠിക്കുമ്പോൾ സിസ്റ്റർ പ്രിൻസിയാണ് മീനുവിനെ ഈ ചുവടുമാറ്റത്തിലേക്ക് പ്രേരിപ്പിച്ച് പിന്തുണ നൽകിയത്. തുടർന്ന് ഡോ. ബിബിൻദാസിന്റെ പരിശീലനത്തിലൂടെയാണ് കളിക്കളത്തിലെ താരമായി മാറിയത്. ഇളയ സഹോദരി മെറിൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. 100, 200 മീറ്റർ ഓട്ടത്തിൽ സംസ്ഥാന താരമാണ് മെറിൻ.