ചാലക്കുടി: പുതിയ എം.പിയുടെ ഇടപെടലും ഫലം കണ്ടില്ല, ദേശീയ പാതയിലെ കോടതി ജംഗ്ഷൻ അടിപ്പാത നിർമ്മാണം പുനരാരംഭിക്കുന്ന പ്രവർത്തനങ്ങൾ ഇനിയും തുടക്കമായില്ല. ഫെബ്രുവരി എട്ടോടെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുമെന്ന് ബെന്നി ബെഹന്നാൻ എം.പി അറിയിച്ചിരുന്നു.
14 കോടി രൂപയുടെ അടിപ്പാതയ്ക്കാണ് നേരത്തെ അംഗീകാരം കിട്ടിയത്. പിന്നീടിത് 24.9 കോടി രൂപയുടേതാക്കി മാറ്റുകയായിരുന്നു. എന്നാൽ നിർമ്മാണം ഇനിയും പുനഃരാരംഭിച്ചിട്ടില്ല. ഒരാഴ്ച മുൻപെത്തിയ മൂന്നു ജോലിക്കാർ ചിലതൊക്കെ കാട്ടിക്കൂട്ടുന്നുണ്ടെങ്കിലും ഇതെല്ലാം പ്രഹസനമായി മാറുന്നുവെന്നാണ് ആക്ഷേപം.
ഇതിനിടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരി 28ന് ബി.ഡി. ദേവസി എം.എൽ.എയുടെ നേതൃതത്വത്തിൽ അടിപ്പാത പരിസരത്ത് ഉപവാസവും നടത്തിയിരുന്നു. എം.എൽ.എയുടെ സബ് മിഷന് മറുപടിയായി പൊതു മരാമത്ത് മന്ത്രിയും അടിപ്പാത നിർമ്മാണം ഫെബ്രുവരിയിൽ തുടങ്ങുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
പുതുക്കിയ എസ്റ്റിമേറ്റിന് ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കാൻ വൈകിയതാണ് സ്തംഭനാവസ്ഥയ്ക്ക് ഇടയാക്കിയത്. ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് രേഖാ മൂലം വിവരം ലഭിച്ചിട്ടുണ്ട്.
- ബെന്നി ബഹന്നാൻ എം.പി