വെള്ളിക്കുളങ്ങര: രാത്രി രണ്ടുമണിയോടെ വീടിനു പുറത്ത് ശബ്ദം കേട്ട് ഉണർന്നവീട്ടുകാർ കണ്ടത് കാട്ടാനകളെ. വെള്ളിക്കുളങ്ങര ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള കുറ്റിഞ്ഞിപ്പാടത്തെ തേക്കിലക്കാടൻ ഷൈജുവിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ രാത്രി കാട്ടാനകളെത്തിയത്.
വാഴകളും, തെങ്ങുകളും പിഴുതെടുത്ത് നശിപ്പിക്കുന്ന ആനകളെ കണ്ട ഭയം ഇപ്പോഴും മാറിയിട്ടില്ലെന്ന് ഷൈജുവിന്റെ ഭാര്യയും മക്കളും പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ കുറിഞ്ഞിപ്പാടത്ത് റോഡരികിലെ വീട്ടുമുറ്റത്താണ് കഴിഞ്ഞ രാത്രിയിൽ കാട്ടാന കൂട്ടമിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ചക്കാലക്കൽ സ്റ്റീഫൻ, കള്ളിയത്ത്പറമ്പിൽ സണ്ണി, ആരോധ പൈലൻ, കണ്ണംകുന്നി പൈലൻ എന്നിവരുടെ കാർഷിക വിളകളും കാട്ടാനകൂട്ടം നശിപ്പിച്ചു. ആനകൾ കാടെന്നോ നാടെന്നോ വ്യത്യാസമില്ലാതെ മേയുകയാണ്. രാത്രികാലങ്ങളിൽ വീടിനുപുറത്തിങ്ങാൻ സാധിക്കാത്ത അവസ്ഥയായെന്നും ഏതുനിമിഷവും കാട്ടാന ആക്രമണം ഭയക്കുന്നുവെന്നും സമീപവാസികൾ പറഞ്ഞു.