vellam
തേക്കിൻക്കാട്ടിലെ ജലസംഭരണിയിൽ കളക്ടർ വെള്ളം നിറയ്ക്കുന്നു

തൃശൂർ : തേക്കിൻകാടിലെത്തുന്ന പക്ഷി-മൃഗാദികൾക്ക് ഇനി കുടിവെള്ളം തേടി അലയേണ്ട. അവരുടെ ആവാസ സ്ഥലങ്ങളെല്ലാം ജലസമൃദ്ധമാക്കിയിരിക്കുകയാണ് ടീം ഫ്‌ളഡ്. ഇതിന്റെ ഭാഗമായി ദാഹജലം ജീവജാലങ്ങൾക്കും എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ആദ്യഘട്ടമായി തേക്കിൻകാട് മൈതാനിയിലെ 30 ഓളം കേന്ദ്രങ്ങളിൽ വെള്ളം നിറച്ചാണ് ജീവജാലങ്ങൾക്ക് കടുത്ത വേനലിൽ നിന്ന് രക്ഷനേടാൻ സൗകര്യം ഒരുക്കിയത്.

മൈതാനത്തിന് ചുറ്റുമുള്ള മരങ്ങളിൽ മൺപാത്രങ്ങളിൽ കെട്ടിയാണ് വെള്ളം നിറച്ചിരിക്കുന്നത്. കൂടാതെ ശക്തൻ തമ്പുരാൻ പണി കഴിപ്പിച്ച തേക്കിൻകാട്ടിലെ ജലസംഭരണികൾ വൃത്തിയാക്കിയും അവിടെ വെള്ളം നിറച്ചിട്ടുണ്ട്. അമ്പതോളം പേരാണ് രണ്ട് വർഷം മുമ്പ് ആരംഭിച്ച ഫ്‌ളഡ് ടീമിൽ ഉള്ളത്.

മനുഷ്യർക്കൊപ്പം പക്ഷി-മൃഗാദികൾക്കും ദാഹജലം നൽകുക തങ്ങളുടെ കടമയാണെന്ന സന്ദേശമുയർത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചതെന്ന് ഇവർ പറഞ്ഞു. ഭാരവാഹികൾ ആരും ഇല്ലായെന്നതാണ് ഈ ടീമിന്റെ പ്രത്യേകത. തെക്കെ ഗോപുരനടയിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ വരും ദിവസങ്ങളിൽ ജലസംഭരണികളിൽ വെള്ളം നിറയ്ക്കും...