കൊടുങ്ങല്ലൂർ: കായലോരത്തെ തിലകക്കുറി പോലെ നിലകൊള്ളുന്ന ചീനവലകൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. ആദ്യ ദിനത്തിൽ പത്തോളം ചീനവലകൾ നീക്കം ചെയ്തു. ജില്ലയിൽ ഫിഷറീസ് വകുപ്പിൽ നിന്നും ലഭിച്ചിട്ടുള്ള വ്യവസ്ഥാപിത ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ഇല്ലാതെയാണ് ഇവ പ്രവർത്തിച്ചു വന്നിരുന്നതെന്നാണ് ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നത്. ഇവരുടെ ഉൾനാടൻ പട്രോളിംഗിൽ കണ്ടെത്തിയ ചീനവലകളാണ് പൊളിച്ചുനീക്കപ്പെട്ടിട്ടുള്ളത്. ഫിഷറീസ് ഇൻസ്പെക്ടർ ദീപ, ഫിഷറീസ് ഇൻസ്പെക്ടർമാരായ അൻസിൽ, ജോമോൾ, കൊടുങ്ങല്ലുർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുരുകദാസ് എന്നിവരാണ് പട്രോളിംഗിൽ പങ്കെടുത്തത്.

ഇത്തരത്തിൽ അനധികൃതമായി രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ ചീനവലകൾ പ്രവർത്തിപ്പിക്കുന്നത് കേരള ഇൻലാന്റ് ഫിഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരം 15000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണെന്നാണ് അധികൃതർ പറയുന്നത്.

..........................

ചീനവലകൾക്ക് ലൈസൻസ് നൽകുന്നില്ലെന്ന് തൊഴിലാളികൾ

ഫിഷറീസ് അധികൃതരുടെ നടപടി കൊടുംക്രൂരതയായണ് ചീനവല തൊഴിലാളികൾ നോക്കിക്കാണുന്നത്. ചീനവലകൾക്ക് ലൈസൻസ് നൽകാതിരിക്കുകയെന്ന സമീപനമാണ് വർഷങ്ങളായി ഫിഷറീസ് വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു. ഇതിനിടെ നിയമാനുസൃതം ലൈസൻസിന് അപേക്ഷിക്കാമെന്ന അനൗദ്യോഗിക അറിയിപ്പ് പ്രചരിക്കാൻ തുടങ്ങിയതോടെ മിക്കവാറുംപേർ ലൈസൻസിനായി അപേക്ഷ നൽകിയെങ്കിലും കഴിഞ്ഞ എട്ട്-പത്ത് വർഷത്തിനിടെ ആർക്കും ലൈസൻസ് നൽകിയതായി അറിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ചീനവലയുണ്ടാക്കാൻ ലക്ഷങ്ങൾ ചെലവുള്ളതിനാൽ അഞ്ച് മുതൽ പത്ത് പേർ ചേർന്ന് കിടപ്പാടം വരെ പണയപ്പെടുത്തിയുണ്ടാക്കിയ പണം ഉപയോഗിച്ചാണ് ഇവ കെട്ടിപ്പൊക്കിയിട്ടുള്ളത്. പണം ചെലവിട്ടിട്ടുള്ളവരുടെ കൂട്ടുത്തരവാദിത്വത്തിലാണ് ഇവ പ്രവർത്തിപ്പിച്ചു പോരുന്നത്. ഇതിനെ ആശ്രയിച്ചാണിവരുടെയെല്ലാം ഉപജീവനവും. പതിറ്റാണ്ടുകൾക്ക് മുൻപ് ദിവാന്റെ ഭരണകാലത്ത് ചീനവലക്ക് അനുവദിച്ചു കിട്ടിയ രേഖ അമൂല്യ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുള്ളവരും ഇവർക്കിടയിലുണ്ട്. എന്നാൽ ഇതൊന്നും അംഗീകരിക്കാനോ, ലൈസൻസ് അനുവദിക്കാനോ തയ്യാറാകാതെ ചട്ടത്തിൽ മുറുകെ പിടിച്ച് തങ്ങളെ വഴിയാധാരമാക്കാനുള്ള അധികൃതരുടെ നീക്കത്തിൽ പകച്ചിരിക്കുകയാണ് ചീനവല തൊഴിലാളികൾ. അൻപതോളം ചീനവലകളുള്ള അഴീക്കോട് മേഖലയിൽ കനത്ത ചെറുത്ത് നിൽപ്പിന് ഒരുക്കമാരംഭിച്ചിട്ടുണ്ട്.

....................................

ജില്ലയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന അനധികൃത ചീനവലകൾ സ്വമേധയ പൊളിച്ചു മാറ്റണം. അല്ലാത്തപക്ഷം ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും

- കെ.സുഗന്ധകുമാരി (ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ)