പാവറട്ടി: മുല്ലശ്ശേരി ഊരകത്തെ കുടുംബശ്രീ തുണിസഞ്ചികളും പേപ്പർ ബാഗുകളുമായി കമ്പോളത്തിലേക്ക്. മുല്ലശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ലയം, പുലരി എന്നീ അയൽക്കൂട്ടങ്ങളാണ് 'പുണ്യാ സ്റ്റിച്ചിംഗ്' എന്ന പേരിൽ തുണി സഞ്ചി നിർമ്മാണവുമായി വിപണിയിലെത്തുന്നത്.
പ്ലാസ്റ്റിക്ക് നിരോധനമാണ് തുണി സഞ്ചി നിർമ്മാണത്തിലേക്ക് കടക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ഏഴ് സ്ത്രീകളടങ്ങുന്ന
സംരംഭമാണിത്. 2 മുതൽ 10 കിലോ വരെ തൂക്കമുള്ള സാധനങ്ങൾ വഹിക്കാവുന്ന വിവിധതരം നിറത്തിലുള്ള സഞ്ചികളാണ് നിർമ്മിക്കുന്നത്. വീട്ടുജോലിക്ക് ശേഷം കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി തയ്യൽ മെഷിന്റെ സഹായത്തോടെയാണ് തുണിസഞ്ചി നിർമ്മാണം.

സാധാരണ കമ്പോളത്തിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കും കൂടുതൽ മേൻമയിലുമാണ് സഞ്ചി നിർമ്മാണം. ഷെക്കീല സുധീർ, സന്ധ്യ ദേവി എന്നിവരാണ് യൂണിറ്റിന് നേതത്വം നൽകുന്നത്. തുണി സഞ്ചിയുടെ ആദ്യ വിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീമ ഉണ്ണിക്കൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്‌സൻ രമ്യ സുധാകരൻ, സെക്രട്ടറി റംലത്ത് എന്നിവർ സംസാരിച്ചു.