വടക്കാഞ്ചേരി: കുംഭച്ചൂടിൽ പെയ്തിറങ്ങിയ പൂരം കണ്ടാസ്വദിക്കാൻ ജനം ഉത്രാളിക്കാവിലേക്ക് ഒഴുകിയെത്തി. ഉച്ചയോടെ കാവും പരിസരവും തിരക്കിലായി. ആദ്യം എങ്കക്കാട് ദേശം നെറ്റിപ്പട്ടം കെട്ടിയ തലയെടുപ്പുള്ള ഗജവീരന്മാരെ അണിനിരത്തി ഉത്രാളിക്കാവിൽ എഴുന്നള്ളിപ്പും, പഞ്ചവാദ്യവും പൂർത്തിയാക്കി ക്ഷേത്രത്തിൽ നിന്നും പുറത്തുകടന്നു.
കുമരനെല്ലൂരിൽ നിന്നും ഗജഗോഘയാത്രയായി എത്തിയ കുമരനെല്ലൂർ ദേശം ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പും പഞ്ചവാദ്യവും തീർത്തു. വടക്കാഞ്ചേരി ദേശക്കാർ ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യം തീർത്ത ശേഷം രാജകീയ പ്രൗഢിയോടെ തോക്കേന്തിയ പൊലീസുകാരുമായി ഉത്രാളിക്കാവിലെത്തി. മൂന്നു ദേശത്തിന്റെയും തിടമ്പേറ്റിയ ആനകൾ ഭഗവതിക്കു മുന്നിൽ നമസ്‌കരിച്ച ശേഷം കൂട്ടി എഴുന്നെള്ളിപ്പും, കുടമാറ്റവും നടത്തി. പിന്നാലെ നാടൻ കലാരൂപങ്ങളായ പൂതൻ, തിറ, കാളകളി, എന്നിവയും കാവിലെത്തി. തുടർന്ന് വെടിക്കെട്ടും നടന്നു...