മാള: അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവമാണ് ആഘോഷിക്കുന്നത്. തന്ത്രി വേഴപ്പറമ്പിൽ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റ ചടങ്ങുകൾ നിർവഹിച്ചു. തുടർന്ന് നൃത്താഞ്ജലി, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടന്നു.
ഇന്ന് രാവിലെ കലവറ നിറയ്ക്കൽ നടക്കും. മാർച്ച് ഒന്നിന് ഉത്സവബലി ദർശനം, കഥകളി എന്നിവ ഉണ്ടായിരിക്കും. മാർച്ച് നാലിന് രാവിലെ ഒമ്പത് ആനകളെ അണിനിരത്തി നടക്കുന്ന ശീവേലിക്ക് ചൊവ്വല്ലൂർ മോഹന വാര്യരുടെ മേളം അകമ്പടിയാകും. വൈകീട്ട് മൂന്നിന് ആനയൂട്ട്, തുടർന്ന് കാഴ്ചശീവേലിക്ക് മംഗലാംകുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റും. ഇതോടനുബന്ധിച്ച് വർണശബളമായ കുടമാറ്റം നടക്കും. രാത്രി അന്നമനട മുരളീധര മാരാർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം, പുലർച്ചെ പള്ളിവേട്ട എന്നിവ നടക്കും. പിറ്റേന്ന് ആറാട്ടെഴുന്നള്ളിപ്പ്, മേജർ സെറ്റ് പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയും നടക്കും.