തൃശൂർ: കോൺഗ്രസിലെ കോർപറേഷൻ കൗൺസിലർമാർ തമ്മിലുള്ള തർക്കം രൂക്ഷമായതിനിടെ, പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും മാറ്റി ശുദ്ധികലശത്തിന് ഡി.സി.സി രംഗത്തെത്തി. പ്രതിപക്ഷ നേതാവടക്കം ഭരണപക്ഷ അനുകൂല സമീപനം സ്വീകരിക്കുകയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു യോഗം. ഇരുവരെയും മാറ്റണമെന്നാവശ്യപ്പെട്ട് 22 കൗൺസിലർമാരിൽ 16 പേർ ഒപ്പുവെച്ച കൗൺസിലംഗങ്ങളുടെ ആവശ്യം അടിയന്തരമായി വിളിച്ചു ചേർത്ത പാർലമെന്ററി പാർട്ടി യോഗം അംഗീകരിച്ചു.
പ്രതിപക്ഷ നേതാവായ ഐ ഗ്രൂപ്പിലെ എം.കെ മുകുന്ദന് മാറ്റി പകരം മുൻമേയറും എ ഗ്രൂപ്പ് നേതാവുമായ രാജൻ പല്ലനെ യോഗം നിയമിച്ചു. ഉപനേതാവ് സ്ഥാനത്ത് നിന്നും എ ഗ്രൂപ്പിലെ ജോൺ ഡാനിയേലിനെ മാറ്റി പകരം മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ മകൾ സി.ബി ഗീതയെ ഐ ഗ്രൂപ്പ് നിശ്ചയിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ടി.എൻ പ്രതാപൻ, കെ.പി വിശ്വനാഥൻ, ജോസഫ് ചാലിശേരി, ഐ.പി പോൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ എ - ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ധാരണ പ്രകാരമാണ് സ്ഥാനമാറ്റമെന്നാണ് നേതാക്കൾ പറയുന്നത്.
കോർപറേഷനിൽ ഭരണ പ്രതിപക്ഷാംഗങ്ങളെ ഭിന്നിപ്പിലാക്കിയ ഹൈമാസ്റ്റ് വിവാദത്തിൽ കെൽട്രോണിനായി വാദിച്ച് കത്ത് നൽകിയത് രാജൻ പല്ലൻ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു. ഇതിനെതിരെ മുകുന്ദനും ജോൺ ഡാനിയേലും പാർലമെന്ററി പാർട്ടി സെക്രട്ടറി എ. പ്രസാദും നിലപാടെടുത്തത് വിവാദത്തിനിടയാക്കി. കെൽട്രോണിനായി വാദിക്കുന്നത് അഴിമതിക്കായാണെന്നതായിരുന്നു ഇവരുടെ നിലപാട്.
ടെൻഡർ ക്ഷണിച്ചതിൽ കെൽട്രോണും, മറ്റൊരു കമ്പനിയും പൊതുമേഖലാ സ്ഥാപനമായ സിൽക്കും വെച്ചതിൽ ഒന്നരക്കോടിയോളം രൂപയുടെ വ്യത്യാസമുണ്ടായതോടെ മുകുന്ദനും ജോൺ ഡാനിയേലും ഉയർത്തിയ വാദത്തിന് സാധൂകരണമായിരുന്നു. ഭരണപക്ഷം വിഷയം ആയുധമാക്കി. ഇതിന് പിന്നാലെ മേയർ തെരഞ്ഞെടുപ്പിൽ മുൻ ഡെപ്യൂട്ടി മേയർ കൂടിയായ സുബി ബാബുവും അംഗം സി. ബി. ഗീതയും വോട്ട് അസാധുവാക്കിയതിൽ നടപടി ആവശ്യപ്പെട്ട് ഇവർ ഡി.സി.സിക്ക് കത്ത് നൽകി. ഇത് പരിഗണിക്കാതെയാണ് പ്രതിപക്ഷ നേതാവിനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്ത് ചർച്ചയ്ക്കായി എടുത്തത്. അതേ സമയം യോഗത്തിനെതിരെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. പി.എ മാധവൻ പ്രതിഷേധമറിയിച്ച് യോഗത്തിൽ പങ്കെടുത്തില്ല.
........
കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവിനെയും ഉപനേതാവിനെയും മാറ്റുന്നതിനായി വിളിച്ചു ചേർത്ത യോഗം അധികാരമില്ലാത്തതാണ്. കോർപറേഷന്റെ ഭരണകാലാവധി അവസാനിക്കാൻ വിരലിലെണ്ണാവുന്ന മാസം മാത്രം അവശേഷിക്കെ കോൺഗ്രസ് നേതൃത്വത്തെ ജനമദ്ധ്യത്തിൽ തരം താഴ്ത്തുന്ന നടപടി നിർഭാഗ്യകരമാണ്.
(പി.എ മാധവൻ, മുൻ ഡി.സി.സി പ്രസിഡന്റ്)