balan-anthikkad-

തൃശൂർ: ഗുരുവായൂരിൽ ലീഡർ താലികെട്ടുമ്പോൾ സാക്ഷിയായ ബാലൻ, ആർക്കും വേണ്ടിയും കെ. കരുണാകരനോട് ശുപാർശ ചെയ്യാത്ത എല്ലാവരുടെയും സ്വന്തം ബാലേട്ടൻ. കെ. കരുണാകരൻ്റെ അന്ത്യം വരെ നിഴലായും ജീവിത, രാഷ്ട്രീയ വഴികളിലെല്ലാം വെളിച്ചമായും നിലകൊണ്ട അന്തിക്കാട് ബാലന് 95 വയസിൻ്റെ നിറവ്. കുംഭത്തിലെ ചിത്തിരയാണ് പിറന്നാൾ ദിനമെങ്കിലും 28ന് മാരാർ റോഡിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ നേതാക്കളും പ്രവർത്തകരും പൗരാവലിയും ചേർന്ന് അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിക്കും. കെ. കരുണാകരൻ എം.എൽ.എയും മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു ബാലൻ. തൃശൂരിൽ വന്നാൽ ഗുരുവായൂർ യാത്രയിലും രാമനിലയം താമസത്തിലും കരുണാകരനൊപ്പമുണ്ടാകും.


കരുണാകരൻ കണ്ണൂരിൽ നിന്ന് തൃശൂരിലെത്തിയപ്പോൾ താമസിച്ചത് വെള്ളാനിക്കരയിൽ അമ്മാവന്റെ കൂടെയായിരുന്നു. അമ്മാവന്റെ മകൾ കല്യാണിക്കുട്ടിയമ്മയാണ് കരുണാകരന്റെ ഭാര്യയായത്. അന്ന് തട്ടിൽ എസ്റ്റേറ്റ് തൊഴിലാളി നേതാവായിരുന്നു കരുണാകരൻ. അവിടെ നിന്ന് തൃശൂരിലേക്ക് വന്നു. പിന്നീട് തൃശൂരിൽ കോട്ടപ്പുറത്ത് ബാലേട്ടന്റെ കുടുംബപരമായ സ്ഥലത്തുള്ള വീട്ടിലാണ് കരുണാകരൻ വാടകയ്ക്ക് താമസിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കല്യാണവും കഴിഞ്ഞു. ഇപ്പോൾ മുരളി മന്ദിരം നിൽക്കുന്ന സ്ഥലം വാങ്ങിക്കാൻ ഉപദേശിച്ചത് ബാലനാണ്. അങ്ങനെയാണ് ആ ബന്ധം ദൃഢമാകുന്നത്.

സീതാറാം മിൽ തൊഴിലാളി നേതാവായിരുന്ന കരുണാകരൻ, ഒല്ലൂക്കരയിൽ തിരുകൊച്ചി സഭയിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാലനെ അദ്ദേഹത്തിന് നേരിയ പരിചയം ഉണ്ടായിരുന്നു. 35 രൂപ വാടകയ്ക്ക് വീട് കൊടുത്ത്, ബാലൻ അയൽക്കാരനുമായി. പൂഞ്ഞാറ്റിൽ തമ്പുരാന്റെ ആയിരുന്നു ആ വീട്. പിന്നീട് കരുണാകരൻ വഴി സീതാറാം മില്ലിൽ ബാലേട്ടന് രാത്രി വാച്ച്മാൻ്റെ ജോലികിട്ടി. തൃശൂർ കോട്ടപ്പുറം വൈദ്യുതി ഭവന് സമീപം അന്തിക്കാട്ട് വീട്ടിൽ വേലായുധന്റെയും നാരായണിയുടെയും മകനായി മാർച്ച് 12ന് ജനിച്ച ബാലൻ വിവേകോദയം സ്‌കൂളിലായിരുന്നു പഠിച്ചത്. ഐ.എൻ.ടി.യു.സി നേതാവായിരുന്നതിനാൽ അക്കാലത്ത് കെ. കരുണാകരനും ബി.കെ. നായരും ഇടയ്ക്കിടെ കേരളത്തിന് പുറത്ത് പോകുമായിരുന്നു. കരുണാകരൻ പ്രസിഡന്റ്, നായർ സെക്രട്ടറി. അല്ലെങ്കിൽ മറിച്ച്. അങ്ങനെയായിരുന്നു ഭാരവാഹിത്വം.
മാസത്തിൽ പത്ത് ദിവസമെ കരുണാകരൻ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. അന്നേരം കരുണാകരന്റെ വീട്ടുകാര്യം നോക്കിയിരുന്നത് ബാലനാണ്. സഹോദരതുല്യം സ്‌നേഹമാണ് കല്യാണിക്കുട്ടിയമ്മയും ബാലന് നൽകിയത്. കെ. മുരളീധരനും പത്മജയും കുട്ടികളായിരുന്നപ്പോൾ അവരുടെ കാര്യം നോക്കിയിരുന്നതും ബാലനാണ്. എത്ര അടുപ്പമുണ്ടെങ്കിലും സാമ്പത്തികമായ ഇടപാടുകൾ ബാലൻ ഇടപെട്ട് നടത്തിയിട്ടില്ല.
കടുത്ത സിഗരറ്റ് വലി കരുണാകരന് അൾസർ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് ഗോതമ്പ് കഞ്ഞിയും പാലുമായിരുന്നു കരുണാകരന്റെ ഭക്ഷണം. ആഹാര കാര്യം ബാലൻ കൃത്യമായി നോക്കിയിരുന്നു. ഒടുവിൽ, കല്യാണിക്കുട്ടിയമ്മയുടെയും കരുണാകരന്റെയും അന്ത്യകാലത്തും ബാലനുണ്ടായിരുന്നു, ആ വേദനയും പങ്കിട്ട്...