കയ്പമംഗലം: പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ കഴിഞ്ഞ മൂന്നു വർഷമായി നടന്നുവരുന്ന 'അരുമയായ് ആട്ടിൻ കുഞ്ഞ്' പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്തു. മൂന്നു വർഷം മുമ്പ് അഞ്ച് കുട്ടികൾക്ക് ഒരോ ആട്ടിൻ കുഞ്ഞിനെ നൽകുകയും കഴിഞ്ഞ വർഷം അവയുടെ കുഞ്ഞുങ്ങളെ മെഹ്‌നാസ്, അരുൺ ക്രിസ്റ്റോ, ജന്നത്ത്, ശ്രേയേഷ് എന്നീ കുട്ടികൾക്ക് നൽകുകയും ചെയ്തിരുന്നു. ഇവർ വളർത്തി വലുതാക്കിയ ആടുകളുടെ കുഞ്ഞുങ്ങളെ ഇത്തവണ ഷഹനാസ്, ആഗ്‌നേയ, തനയ് കൃഷ്ണ, ദേവനന്ദ എന്നീ കുട്ടികൾക്ക് സമ്മാനിച്ചു. സ്‌കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ആടുകളെ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം സായിദ മുത്തുക്കോയ തങ്ങൾ, ഹെഡ്മിസ്ട്രസ് ഇ.ആർ. ഷീല, പി.ടി.എ പ്രസിഡന്റ് സ്മിത സന്തോഷ്, എം.പി.ടി.എ പ്രസിഡന്റ് രേഖ, അദ്ധ്യാപകർ, പി.ടി.എ കമ്മിറ്റി അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായി.