പുതുക്കാട്: മണലി പുഴയോരത്ത് രാത്രിയിൽ നടന്നിരുന്ന അനധികൃത കളിമണ്ണ് ഖനനവും മണ്ണ് കടത്തും നെന്മണിക്കര വില്ലേജ് ഓഫീസർ തടഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. പുഴയുടെ തെക്കേകരയിൽ പ്രളയത്തിൽ തകരാർ വന്ന പൊന്നാരി റാഫിയുടെ വീട് പൊളിച്ച് മാറ്റിയ മണ്ണ് നീക്കം ചെയ്യാൻ ജിയോളജി വകുപ്പിൽ നിന്നും നൽകിയ പാസ് ഉപയോഗിച്ചായിരുന്നു മണ്ണ് കടത്തിയത്. പുഴയിൽ നിന്നും പത്ത് മീറ്റർ മാത്രം മാറിയാണ് ഖനനം നടത്തിയത്. നൂറു കണക്കിന് ലോഡ് മണ്ണ് കടത്തിയ ശേഷം പുറമെ നിന്നും കൊണ്ടുവന്ന മണ്ണിട്ട് കുഴി നികത്തി തെളിവ് നശിപ്പിക്കാനുള്ള തന്ത്രമായിരുന്നു സ്വീകരിച്ചിരുന്നത്. ജിയോളജി പാസില്ലാതെ മണ്ണ് കടത്തിയിരുന്ന രണ്ട് ടിപ്പറുകൾ പുതുക്കാട് സി.ഐ കസ്റ്റഡിയിലെടുത്തു. നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകളിൽ കളിമണ്ണ് ഖനനം നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കേയാണ് രാത്രിയുടെ മറവിൽ നടന്ന കളിമണ്ണ് കടത്തൽ.