ഗുരുവായൂർ: പത്മനാഭൻ ഉറങ്ങുക സ്വന്തം കെട്ടുതറിയിൽ മാത്രം. കെട്ടുതറിയിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന ദിവസങ്ങളിൽ പത്മനാഭൻ ഉറങ്ങുകയില്ലെന്ന് പാപ്പാൻമാർ പറയുന്നു. ആനത്താവളത്തിന്റെ അകത്ത് കിഴക്ക് വടക്ക് ഭാഗത്തായാണ് പത്മനാഭന്റെ കെട്ടുതറി. ഏകദേശം 20 വർഷത്തോളമായി ഇവിടെയാണ് പത്മനാഭന്റെ സ്ഥിരം വാസസ്ഥലം. ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിനായി പോകുമ്പോഴും ആനത്താവളത്തിൽ തന്നെ മറ്റു ഭാഗങ്ങളിൽ തളച്ചാലോ ഉറങ്ങുക പതിവില്ലത്രെ. അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ആനത്താവളത്തിന്റെ കിഴക്ക് ഭാഗത്തെ ഷെഡിലാണ് പത്മനാഭനെ തളയ്ക്കാറ്. ഈ മൂന്ന് ആഴ്ചയിലും കൊമ്പൻ ഉറങ്ങിയിട്ടില്ലെന്ന് പാപ്പാൻമാർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ വാശി കാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് പത്മനാഭന്റെ സ്വന്തം കെട്ടുതറിയിലേക്ക് മാറ്റുകയായിരുന്നു.