കൊടുങ്ങല്ലൂർ: 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളെ മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മുസ്‌രിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെട്ട് എറിയാട് പഞ്ചായത്തിൽ നടക്കുന്നതും നടക്കാനിരിക്കുന്നതുമായ പദ്ധതികളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ ആവശ്യം ഉയർന്നു. തിരുവഞ്ചിക്കുളം ക്ഷേത്രം മുതൽ എറിയാട് ആറാട്ടുവഴി കടപ്പുറം വരെയുള്ള റോഡ് മുസിരിസ് പദ്ധതിയുമായി ബന്ധപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
വിദ്യാർത്ഥികൾക്കും വിദേശികൾക്കും കടലിനെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ വന്ന് താമസിച്ചു പഠിക്കാൻ ഉതകുന്ന തരത്തിലുള്ള തീരദേശ നേച്ചർ ക്യാമ്പുകളുടെ സാദ്ധ്യതകളെക്കുറിച്ച് പരിശോധിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.
മുസ്‌രിസ് പൈതൃക പദ്ധതി എം.ഡി: പി.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, ജനപ്രതിനിധികളായ എം.കെ. സിദ്ദിഖ്, നൗഷാദ് കൈതവളപ്പിൽ, അഡ്വ. വി.എ. സബാഹ്, സുഗത ശശിധരൻ, അംബിക ശിവപ്രിയൻ, മുസ്‌രിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ ഡോ. മിഥുൻ ശേഖർ, ജൂനിയർ എക്സിക്യൂട്ടിവ് അഖിൽ എസ്. ഭദ്രൻ എന്നിവർ സംസാരിച്ചു.