ഗുരുവായൂർ: ഗജരത്‌നം പത്മനാഭന്റെ വിയോഗം വിശ്വാസികൾക്കും ആനപ്രേമികൾക്കും നികത്താനാകാത്ത നഷ്ടം. ഉത്സവപ്പറമ്പുകളിൽ ഏറ്റവും ആരാധകരുള്ള കൊമ്പനാണ് ഗുരുവായൂർ പത്മനാഭൻ. വിശ്വാസികൾ ഗുരുവായൂരപ്പന്റെ പ്രതിനിധിയായാണ് പത്മനാഭനെ കണ്ടുവന്നിരുന്നത്. ഉത്സവപ്പറമ്പുകളിൽ പത്മനാഭൻ എത്തുന്നതോടെ വൻ സ്വീകരണമാണ് ഭക്തർ ഒരുക്കുക.
എഴുന്നള്ളിപ്പുകളിൽ തിടമ്പുമായി പത്മനാഭൻ എഴുന്നള്ളുന്നത് കണ്ട് തൊഴാനായി ഭക്തർ കാത്തുനിൽക്കുന്നതും പതിവാണ്. കേരളത്തിന്റെ തെക്ക് വടക്ക് മേഖലകളിൽ ഏറെ ആരാധകരുള്ള കൊമ്പനാണ് പത്മനാഭൻ. നാടൻ ആനകളിൽ ഏറ്റവും അഴകുള്ള കൊമ്പനും പത്മനാഭനാണ്. ഉയരവും തലപ്പൊക്കവുമുള്ള കൊമ്പൻമാർ വേറെയുണ്ടെങ്കിലും ഉത്സവപ്പറമ്പുകളിൽ ഒന്നാം സ്ഥാനം പത്മനാഭനു തന്നെയായിരുന്നു. മറ്റേത് കൊമ്പൻമാർ ഉണ്ടെങ്കിലും തിടമ്പേറ്റാൻ നിയോഗം പത്മനാഭനാണ് ലഭിക്കുക. തിടമ്പുമായുളള ഗുരുവായൂർ പത്മനാഭന്റെ എഴുന്നള്ളത്ത് ഐശ്വര്യമാണെന്നാണ് വിശ്വാസം. പ്രമുഖ ക്ഷേത്രോത്സവങ്ങൾക്കൊക്കെ പത്മനാഭനെ എഴുന്നള്ളിക്കാൻ സംഘാടകർ മത്സരിച്ചിരുന്നു.
ശാന്തസ്വഭാവിയായ പത്മനാഭന് ക്ഷേത്രാചാരങ്ങളും വ്യക്തമായി അറിയാമായിരുന്നു. ഗുരുവായൂർ കേശവന്റെയും എൺപതുവർഷം മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്ന പഴയ പത്മനാഭന്റെയും പിൻഗാമിയായ പത്മനാഭന് മുഖവിരിവ് അടക്കമുളള ഗജലക്ഷണങ്ങളാണ് ശ്രദ്ധേയനാക്കിയത്. ചട്ടക്കാരൻ അടുത്തില്ലെങ്കിലും ആരാധകർക്ക് അടുത്ത് ചെല്ലാമെന്നതും പത്മനാഭന്റെ പ്രത്യേകതയാണ്. ഇന്നുവരെ അടുത്ത് ചെന്ന ആരാധകരെ വിരട്ടിയോടിച്ച ചരിത്രം പത്മനാഭനില്ല. ആരാധകർ അടുത്തെത്തിയാൽ ശാന്തനായി നിൽക്കുകയാണ് പതിവ്. ആളുകളുടെ സ്‌നേഹവും ആദരവുമൊക്കെ ഇഷ്ടപ്പെടുന്നതാണ് പത്മനാഭന്റെ പ്രകൃതം. സ്വന്തം പാപ്പാൻമാരോട് മാത്രമാണ് ഇക്കാലയളവിൽ വികൃതി കാട്ടിയിട്ടുള്ളൂവെന്ന് ആനത്താവളത്തിലെ പഴമക്കാർ പറയുന്നു.