തൃശൂർ: ആനകളിൽ സൂപ്പർ സ്റ്റാറുകൾ ഏറെയുണ്ടെങ്കിലും ഗുരുവായൂർ പത്മനാഭനെ പോലെ ഇത്രയേറെ ആരാധകരുള്ള കൊമ്പൻ വേറെയില്ല. ഏവരും ഭയ- ഭക്തി - ബഹുമാനത്തോടെയാണ് പത്മനാഭനെ കണ്ടിരുന്നത്. സാക്ഷാൽ ഗുരുവായൂരപ്പൻ വരുന്നുവെന്ന സങ്കൽപ്പമായിരുന്നു ഏവർക്കും. പത്മനാഭനേക്കാൾ തലപ്പൊക്കവും മറ്റ് ആകാര വടിവുകളുമുള്ള മറ്റ് ആനകൾ ഉണ്ടാകുമെങ്കിലും ഉത്സവപ്പറമ്പുകളിലേക്ക് പത്മനാഭൻ കാലെടുത്ത് വച്ചാൽ മറ്റ് എല്ലാവരും നിഷ്‌പ്രഭരാകും.
ഗുരുവായൂർ കേശവന് ശേഷം ഇത്രയേറെ ദൈവിക പരിവേഷം ലഭിച്ച ഒരാനയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോയെന്നതും സംശയമാണ്. അത്രയേറെ ബഹുമാനിച്ചിരുന്നു ആ ഗജശ്രേഷ്ഠനെ. ആനകളിലെ ലോകം അറിയുന്ന മലയാളി എന്ന വിശേഷണമാണ് പത്‌നാഭനുള്ളത്. ഒരാനയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏക്കത്തുകയിൽ ഇപ്പോഴും സ്വന്തം പത്മനാഭന് തന്നെയാണ്.
2004 ഏപ്രിലിൽ വല്ലങ്ങി ദേശം നെന്മാറ ദേശവുമായി മത്സരിച്ച് പത്മനാഭനെ സ്വന്തമാക്കിയത് 2,22,222 രൂപ നൽകിയാണ്. നെന്മാറ - വല്ലങ്ങി വേലയ്ക്ക് പത്മനാഭൻ എത്തിയാൽ ഗുരുവായൂരപ്പൻ തങ്ങളുടെ വീട്ടിലെത്തി എന്ന വിശ്വാസമാണ് ഏവർക്കും ഉള്ളത്.