പാവറട്ടി: ഗജരത്‌നം ഗുരുനായൂർ പത്മനാഭന്റെ പത്തേകാൽ അടി ഉയരമുള്ള രൂപം മരത്തിൽ കൊത്തിയെടുക്കാൻ ഭാഗ്യം സിദ്ധിച്ചത് ദാരു ശിൽപ്പി എളവള്ളി നന്ദനാണ്. ഗുരുവായൂർ സ്വദേശിയും ഫോട്ടോഗ്രാഫറുമായ സുരേന്ദ്രന്റെ ആവശ്യപ്രകാരമാണ് 303 സെന്റിമീറ്റർ ഉയരമുള്ള പത്മനാഭന്റെ പ്രതിമ മരത്തിൽ കൊത്തിയെടുത്തത്. നീണ്ടുനിൽക്കുന്ന ചെവിയും, മുൻ കാലുകളും, മണ്ണിൽ മുട്ടി നിൽക്കുന്ന നീളമുള്ള തുമ്പിക്കൈയുമാണ് മദിരാശി മരത്തിൽ നന്ദൻ കൊത്തിയെടുത്തത്. കണ്ണിന്റെ കൃഷ്ണമണികൾ ചില്ലുകൾ കൊണ്ടാണ് തീർത്തത്. ആനക്കോട്ടയിൽ ആനയുടെ അളവെടുക്കാൻ അനുസരണയോടെ നിന്നു കൊടുത്തത് നന്ദൻ ഇന്നും ഓർമ്മിക്കുന്നു.