തൃശൂർ: കോർപറേഷൻ ടാഗോർ സെന്റിനറി ഹാൾ പൊളിച്ച് കൗൺസിൽ അറിയാതെ 1500 ഓളം ലോഡ് മണ്ണു കടത്തിയെന്നു പരാതി. ഇനിയും ആയിരക്കണക്കിന് ലോഡുകൾ എടുത്തുമാറ്റാൻ നീക്കമുള്ളതായി പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. മണ്ണു ലോബിയും ഭരണസമിതിയും സംയുക്തനീക്കമാണ് നടത്തുന്നതെന്നും കുറ്റപ്പെടുത്തി. സമീപവാസികൾ അറിയിച്ചതനുസരിച്ചാണ് പ്രതിപക്ഷ കൗൺസിലർമാരുടെ സംഘം സ്ഥലം സന്ദർശിച്ചത്.
15 ഓളം ലോറികളും അഞ്ചു ഹിറ്റാച്ചികളും ഉയോഗിച്ചാണ് മണ്ണ് കൊണ്ട്‌പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മണ്ണ് ലോറിയിൽ കൊണ്ട് പോകുമ്പോൾ പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്ന് സ്ഥലം സന്ദർശിച്ച കൗൺസിലർമാർ പറഞ്ഞു. വിഷയം കൗൺസിലിൽ ഉന്നയിക്കും.
നഗരാസൂത്രണ കമ്മിറ്റിയുടെ പരിധിയിൽപ്പെടുന്ന കാര്യമായിട്ടും ബന്ധപ്പെട്ട ഫയലോ പ്രവൃത്തികളോ അറിയിച്ചിട്ടില്ലെന്നു നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സി.ബി. ഗീത പറഞ്ഞു.
പ്രതിപക്ഷ കൗൺസിലർമാരായ അഡ്വ. സുബി ബാബു, ഫ്രാൻസീസ് ചാലിശേരി, പ്രിൻസി രാജു, ജേക്കബ് പുലിക്കോട്ടിൽ, എം.ആർ. റോസിലി, വൽസല ബാബുരാജ്, ഷീനചന്ദ്രൻ, ജോർജ് ചാണ്ടി, ബിന്ദു കുട്ടൻ എന്നിവർ സ്ഥലം സന്ദർശിച്ചു.