 
ഗുരുവായൂർ: പത്മനാഭന്റെ വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ പാപ്പാൻ വി.വി. സന്തോഷിന്റെ കുടുംബം. സന്തോഷിന്റെ ഭാര്യയും മക്കളും വിങ്ങിപ്പൊട്ടികൊണ്ടാണ് പത്മനാഭനെ അവസാനമായി ഒരു നോക്കു കാണാനെത്തിയത്. മക്കൾ സ്കൂൾ വിട്ട് വന്ന ശേഷമായിരുന്നു സന്തോഷിന്റെ കുടുംബം ആനത്താവളത്തിലെത്തിയത്. പത്മനാഭനെ കണ്ടതോടെ സന്തോഷിന്റെ ഭാര്യക്കും മകനും ദുഃഖം നിയന്ത്രിക്കാനായില്ല. ഇതോടെ പാപ്പാൻമാരും മറ്റ് സുഹൃത്തുക്കളും ചേർന്ന് ഇവരെ സമാധാനിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് പത്മനാഭന്റെ ചട്ടക്കാരനായ സന്തോഷ്.
പത്മനാഭന് അന്തിമോപചാരം അർപ്പിക്കുന്നതിനായി ആരാധകരുടെ വൻ തിരക്കാണ് ആനത്താവളത്തിൽ അനുഭവപ്പെടുന്നത്. പലരും വിതുമ്പലടക്കാനാകാതെയാണ് തങ്ങളുടെ പ്രിയ കൊമ്പനെ ഒരു നോക്കു കാണാനായെത്തുന്നത്. അന്യ ജില്ലകളിൽ നിന്നു പോലും ആരാധകർ വാഹനങ്ങളിൽ ആനത്താവളത്തിലെത്തുന്നുണ്ട്. ഇന്ന് രാവിലെ 9 വരെയാണ് പൊതുദർശനം. അതു കഴിഞ്ഞാൽ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങും. പോസ്റ്റുമോർട്ടത്തിന് ശേഷം കോടനാട്ടേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും.