gopika-

തൃശൂർ: വീട്ടുതൊടിയിൽ പാറിപ്പറക്കുന്ന തേനീച്ചകളെ കാണുമ്പോഴെല്ലാം ഗോപിക ഓർക്കാറുണ്ട്, ഇവയൊന്നും അത്ര നിസാരക്കാരല്ലെന്ന്. ഒന്ന് പഠിച്ചാലോ? അല്ല, ഗവേഷണംതന്നെ നടത്താം. അതിനായി മോഹിച്ച്, ഷാരൂഖ് ഖാൻ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പിന് അപേക്ഷിച്ചു. കിട്ടിയത് 95 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് !

ഭക്ഷ്യഉത്പാദനത്തിൽ തേനീച്ചയ്ക്കുളള പങ്കും ഔഷധനിർമ്മാണ മേഖലയിലുളള വൻ സാദ്ധ്യതകളും തിരിച്ചറിഞ്ഞ് സമർപ്പിച്ച പ്രബന്ധം തന്നെയാകണം തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെന്ന് അഞ്ഞൂർ പാർക്കാടി കൊറ്റൻതറയിൽ ഭാസിയുടെയും ബിന്ദുവിന്റെയും മകൾ ഗോപിക വിശ്വസിക്കുന്നു. എസ്.എസ്.എൽ.സിക്ക് എഴുപതും സുവോളജി ബിരുദത്തിന് 91 ശതമാനവുമായിരുന്നു മാർക്ക്. ബിരുദാനന്തര ബിരുദത്തിന് ഏഴാം റാങ്ക്, പിന്നെ ഐ.ഇ.എൽ.ടി.എസും. ഈ അക്കാഡമിക് മികവുകളും പരിഗണിച്ചിട്ടുണ്ടാകാം.

ഇന്ത്യയിലെ 800 ഓളം വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് ഗോപികയുടെ നേട്ടം. മെൽബണിലെ ലാ ട്രോബ് സർവകലാശാലയുടെ ചാൻസലർ ജോൺ ബ്രാംബിയും ഷാരുഖ് ഖാനും ചേർന്നാണ് മുംബയിൽ സ്കോളർഷിപ്പ് സമ്മാനിച്ചത്. വെല്ലുവിളികളെ ശാസ്ത്രീയ മാർഗങ്ങളിലൂടെ മറികടക്കാനുളള ഗോപികയുടെ അഭിരുചിയെ ഷാരൂഖ് അനുമോദിച്ചു. മൃഗശാസ്ത്രം, പരിസ്ഥിതി, തന്മാത്രാ പഠനങ്ങളിലൂടെ കാർഷിക രംഗത്തെ പുതിയ പരീക്ഷണങ്ങൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

ഒരുക്കം,​ ഉൗന്നൽ

മലിനീകരണം, വൈറസുകൾ എന്നിവയിൽ നിന്നു തേനീച്ചകളെ സംരക്ഷിക്കാനുള്ള വിദ്യകൾ കണ്ടെത്തുന്ന ഗവേഷണത്തിനാണ് ഗോപിക ഒരുങ്ങുന്നത്. വൈറസുകളെ കണ്ടെത്തി, തേനീച്ചകളുടെ ആരോഗ്യ സംരക്ഷണത്തിനുളള ചികിത്സ നിർണയിക്കുന്നതിനാവും ഉൗന്നൽ.

കർഷകനായ അച്ഛന് ഹൃദയശസ്ത്രക്രിയ നടത്തിയതിനാൽ കോഴി ഫാം നടത്തിയും കൃഷിയിടങ്ങൾ പരിപാലിച്ചും ഗോപികയ്ക്ക് കൃഷിയിൽ പ്രായോഗിക പരിചയമുണ്ട്. തൃശൂർ കേരളവർമ്മ കോളേജിൽ പഠിക്കുമ്പോൾ ആനയുടെ സംരക്ഷണത്തെക്കുറിച്ച് മണ്ണുത്തി വെറ്ററിനറി കോളേജിൽ ഗവേഷണം നടത്തി. അമ്മ എൽ.ഐ.സി ഏജന്റാണ്. സഹോദരിമാർ: കാർത്തിക (അക്കൗണ്ട്സ്, ബംഗളൂരു), അശ്വതി (പ്ളസ് വൺ)