തൃശൂർ: മുൻകൂർ അനുമതിയെ ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികളിൽ ഭിന്നത. ചട്ടവിരുദ്ധമായുള്ള മുൻകൂർ അനുമതി വാഴ്ച കോൺഗ്രസ് അംഗീകരിക്കില്ലെന്ന് പുതിയ കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞപ്പോൾ, ഇത് താൻ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ലാലസി ജയിംസ് രംഗത്ത് വന്നത് പ്രതിപക്ഷത്തെ വിള്ളൽ പ്രകടമാക്കി. തനിക്ക് മുൻകൂർ അനുമതികൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. മുൻകൂർ അനുമതിയിൽ മാത്രമേ വികസനം നടക്കൂ എന്നത് ചില കൗൺസിലർമാരുടെ തെറ്റിദ്ധാരണയാണെന്ന് ജനത ദളിലെ(എസ്)ഷീബ ബാബു പറഞ്ഞു. താനും ഒരിക്കൽപോലും മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. റോസിയും പറഞ്ഞു. എങ്കിലും അടിയന്തിര സാഹചര്യത്തിൽ മുൻകൂർ അനുമതി ആവശ്യമാകും. അതേ സമയം അത്യാവശ്യ ഘട്ടങ്ങളിൽ മുൻകൂർ അനുമതി ആവശ്യമാകുമെന്നും ചട്ടവിരുദ്ധമായവ അംഗീകരിക്കാനാകില്ലെന്നും ബി.ജെ.പി നേതാവ് എം.എം. സമ്പൂർണ്ണയും വ്യക്തമാക്കി.
കൗൺസിൽ യോഗത്തിലുള്ള 51 അജണ്ടകളിൽ 23ഉം മേയറുടെ മുൻകൂർ അനുമതിയിൽ നടപ്പാക്കിയ പദ്ധതികളുടെ സാധൂകരണമാണെന്ന് ചൂണ്ടികാട്ടിയ രാജൻ പല്ലൻ, സമയബന്ധിതമായി നടപ്പാക്കേണ്ട ജനകീയാസൂത്രണ പദ്ധതി നിർവഹണവും ഡിവിഷൻവർക്കുകളും ഒഴികെ മേയർ നൽകുന്ന ഒരു മുൻകൂർ അനുമതിയും 22 അംഗ കോൺഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ രാജൻ പല്ലന് 16 കോൺഗ്രസുമാരുടെ പിന്തുണയേ ഉള്ളൂവെന്നും അജണ്ട പാസാക്കി കൊടുക്കാൻ തങ്ങൾക്കറിയാമെന്നും സി.പി.എമ്മിലെ അനൂപ് കാഡ തിരിച്ചടിച്ചു. അഡ്വ. രാമദാസൻ, ടി.ആർ. സന്തോഷ്, അനൂപ് കരിപ്പാൽ, കെ. മഹേഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.