തൃശൂർ: കോർപറേഷൻ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും മാറ്റിയ സംഭവം കോൺഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമ്പോൾ ഡെപ്യുട്ടി മേയറെ കണ്ടെത്താൻ കഴിയാതെ സി.പി.എമ്മും വിഷമവൃത്തത്തിൽ. തദ്ദേശ തിരഞ്ഞെടുപ്പിന് എതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രധാനകക്ഷികളിൽ ഉടലെടുത്ത പ്രതിസന്ധി പുതിയതലത്തിലേക്ക് നീങ്ങുകയാണ്.

ഡി.സി.സി പ്രസിഡന്റ് നിയമനം വൈകുന്നതാണ് കോൺഗ്രസിലെ പോരിന് ആക്കം കൂട്ടുന്നത്. കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിനൊപ്പം ഡി.സി.സി പ്രസിഡന്റിനെയും പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പ്. എം.പി. വിൻസെന്റിനെ പ്രസിഡന്റാക്കാൻ ധാരണയിലും എത്തിയിരുന്നു. എന്നാൽ അവസാനം നിമിഷം ഇത് മാറ്റിവച്ചു.

പ്രസിഡന്റ് സ്ഥാനം മാറാൻ എതുസമയവും തയ്യാറാണ്, മറ്റൊരാളെ പ്രഖ്യാപിക്കാത്തത് തന്റെ കുറ്റമല്ല.

-ടി.എൻ. പ്രതാപൻ (എതിർവിഭാഗത്തോട് പറഞ്ഞത്)

കൗൺസിലർമാരെ മറയാക്കി പ്രതാപനെ നീക്കം

കോർപറേഷൻ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും മാറ്റിയ സംഭവം ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപനെതിരെയുള്ള ആയുധമാക്കുകയാണ് ഒരു വിഭാഗം. നേരത്തെ ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിൽ പ്രതാപൻ അടക്കമുള്ള മുൻനിര നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. എം.പിയായതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും മറ്റൊരാൾ വരുന്നതുവരെ പ്രതാപനാണ് ചാർജ്.

കോർപറേഷനിൽ പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയേൽ എന്നിവരെ മാറ്റിയാണ് മുൻ മേയർ രാജൻ പല്ലനെയും സി.ബി. ഗീതയെയും നിയമിച്ചത്. ഇതിനെതിരെ പ്രതാപന് സ്വന്തം നേട്ടം മാത്രമാണ് ലക്ഷ്യമെന്ന് ആരോപിച്ച് മുകുന്ദനും ജോണും രംഗത്തെത്തിയിരുന്നു. പി.എ. മാധവൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രതാപനെതിരെ രംഗത്ത് വന്നിട്ടുണ്ട്.


ഡെപ്യൂട്ടി മേയർ സ്ഥാനത്ത് ആയുസ് നീണ്ട് റാഫി ജോസ്

ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലി ഇടതുമുന്നണിയിലും ആശയകുഴപ്പം തുടരുകയാണ്. മേയർ തിരഞ്ഞെടുപ്പിന് ശേഷം പ്രതീക്ഷിച്ചിരുന്ന റാഫി ജോസിന്റെ രാജിയും അനിശ്ചിതമായി നീളുന്നു. സി.പി.എം നേരത്തെ നിശ്ചയിച്ചപ്രകാരം എം.എൽ. റോസി ഡെപ്യൂട്ടി മേയറാകാൻ ഇടയില്ലെന്നാണ് സൂചന. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായ റോസിയെ രാജിവയ്പിച്ച് ഡെപ്യൂട്ടി മേയറാക്കാനുള്ള തീരുമാനത്തിനെതിരെ ഇടതുമുന്നണിക്കകത്തും സി.പി.എമ്മിലും പ്രതിഷേധമുണ്ട്.

മുതിർന്ന സി.പി.എം നേതാക്കൾക്കും ഇക്കാര്യത്തിൽ പരസ്യമായ വിയോജിപ്പുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനത്തിനായി എൽ.ഡി.എഫിലെ ജനതാദളും(എസ്) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ധാരണപ്രകാരമുള്ള വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കാതെ മേയർ സ്ഥാനം ഒഴിഞ്ഞുകൊടുക്കില്ലെന്ന സി.പി.ഐ നിലപാട് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. റോസിയെ ഡെപ്യൂട്ടി മേയറാക്കി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൊടുക്കാമെന്ന സി.പി.എം നേതാക്കളുടെ വാഗ്ദാനത്തെ തുടർന്നായിരുന്നു സി.പി.ഐക്കാരിയായ അജിത വിജയൻ മേയർസ്ഥാനം ഒഴിഞ്ഞത്.

റോസിയെ രാജിവയ്പിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകി സി.പി.ഐക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി നൽകുന്നതിനെ ജനതാദൾ (എസ്) അനുകൂലിക്കുന്നില്ല. പകരം ജനതാദൾ പ്രതിനിധി ഷീബ ബാബുവിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകി വികസന സമിതി ചെയർമാൻ സ്ഥാനം തന്നെ സി.പി.ഐക്ക് നൽകണമെന്ന ആവശ്യം ജനതാദൾ നേതാക്കൾ സി.പി.എം ജില്ലാ നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്. എന്നാൽ സി.പി.എമ്മിന് ഇക്കാര്യത്തിൽ ഒട്ടും യോജിപ്പുമില്ല.