തൃശൂർ: കേരള കാർഷിക സർവകലാശാല ബിരുദദാനച്ചടങ്ങ് ഇന്ന് രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. വെള്ളാനിക്കര സെൻട്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 814 പേർ ബിരുദം സ്വീകരിക്കും. 306 പേർ ബിരുദത്തിനും 246 പേർ ബിരുദാനന്തര ബിരുദത്തിനും 41 പേർ ഗവേഷണ ബിരുദത്തിനും 91 പേർ ഡിപ്ലോമയ്ക്കും അർഹരായി. നേരിട്ട് എത്താൻ സാധിക്കാത്ത 130 പേരുടെ ബിരുദ പ്രഖ്യാപനവും നടക്കും. റാങ്ക് ജേതാക്കൾക്ക് മെഡലും ഐ.സി.എ.ആർ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപക പുരസ്‌കാരവും സമ്മാനിക്കും. ഡോ. ഷൈലജ, ഡോ. ഗിരിജ, ബിനു പി. സോണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.