തൃശൂർ: വിയ്യൂർ സബ് ജയിലിൽ നിന്നും തുണി സഞ്ചികളും, മെഴുകുതിരികളും വിപണിയിൽ എത്തി. വിപണന ഉദ്ഘാടനം ജയിൽ അങ്കണത്തിൽ ഡി.ജി.പി: ഋഷിരാജ് സിംഗ് നിർവഹിച്ചു. ഇന്ത്യയിലെ ജയിലുകളിൽ തടവുകാർക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും അതിൽ തൃശൂർ വിയ്യൂർ ജയിൽ ഏറെ പ്രശംസ അർഹിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിയ്യൂർ സബ് ജയിൽ അന്തേവാസികൾ നിർമ്മിച്ച പേപ്പർ ബാഗ്, തുണി സഞ്ചികൾ, മെഴുകുതിരികൾ എന്നവയാണ് ജയിൽ ഔട്ട്‌ലെറ്റ് വഴി വിപണനം നടത്തുക. ഇതോടൊപ്പം മാസ്റ്റേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ മണിപ്പൂരിൽ നടത്തിയ നാഷണൽ മീറ്റിൽ 800 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ മെഡലും, 1500 മീറ്റർ ഓട്ട മത്സരത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ വിയ്യൂർ സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ ബോബി വർഗീസിനെ ഡി.ജി.പി ആദരിച്ചു. മദ്ധ്യ മേഖലാ ഡി.ഐ.ജി സാം തങ്കയ്യൻ അദ്ധ്യക്ഷനായി. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ, അതീവ സുരക്ഷാ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, റീജ്യണൽ വെൽഫയർ ഓഫീസർ കെ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.