gvr-news-photo
ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ പത്മനാഭന് ഗാർഡ് ഓഫ് ഓണർ നൽകുന്നു സമീപം പത്മനാഭന് ആന്ത്യോപചാരമർപ്പിക്കുന്ന ആനകളും

ഗുരുവായൂർ: ആനത്താവളത്തിലെ കാരണവർക്ക് പിൻതലമുറക്കാർ ആദരവോടെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഗുരുവായൂർ പത്മനാഭന്റെ ശരീരം അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റുന്നതിന് മുമ്പായി ആനത്താവളത്തിലെ മുഴുവൻ ആനകളും ആനത്താവളത്തിൽ നിരന്നുനിന്നു. തുടർന്ന് ദേവസ്വത്തിലെ മുതിർന്ന ആനകളായ വലിയ കേശവനും നന്ദിനിയും ചേർന്ന് പത്മനാഭന്റെ ശരീരത്തിൽ പുഷ്പാർച്ചന നടത്തി. പിന്നീട് മുഴുവൻ ആനകളും തുമ്പി ഉയർത്തി പ്രണാമം അർപ്പിച്ചു.
ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ ഗാർഡ് ഒഫ് ഓണർ നൽകി പത്മനാഭനോടുള്ള ആദരവ് കാണിച്ചു. തുടർന്ന് ജഡത്തെ ഗേറ്റ് വരെ സെക്യൂരിറ്റി ജീവനക്കാർ അനുഗമിച്ചു. മന്ത്രി സി. രവീന്ദ്രനാഥ്, കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഉത്സവാഘോഷ കമ്മിറ്റിക്കാരും റീത്ത് സമർപ്പിക്കാനെത്തിയിരുന്നു.