premdas

പെരിഞ്ഞനം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ദന്താരോഗ്യ വിഭാഗത്തിൽ വന്ന 62 വയസുകാരന്റെ ഉമിനീർ ഗ്രന്ഥിയിൽനിന്നും കണ്ടെത്തിയത് 4 സെന്റി മീറ്ററോളം വലുപ്പമുള്ള ഭീമൻ കല്ല് (giant sialolith). പെരിഞ്ഞനം സ്വദേശി പ്രേമദാസിന്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നാണ് കല്ല് നീക്കം ചെയ്തത്. കുറച്ചു മാസങ്ങളായി നാവിന് അടിവശത്തായി ഒരു മുഴ കാണുകയും അതുമൂലം സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ. ഗോപു ഹരീന്ദ്രലാലിനെ പ്രേമദാസ് സമീപിച്ചത്.

തുടർന്ന് നടത്തിയ പരിശോധനകളിൽ അത് ഉമിനീർ ഗ്രന്ഥിയിലെ കല്ലാണെന്ന് ഉറപ്പാക്കിയതിനെ തുടർന്ന് ലോക്കൽ അനസ്‌തേഷ്യ മുഖാന്തരം ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്യുകയായിരുന്നു.


5 മില്ലിമീറ്റർ വരെ വലുപ്പമുള്ള ചെറിയ കല്ലുകളാണ് സാധാരണ ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകാറുള്ളത്. 15 മില്ലിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള കല്ലുകളെ 'giant sialolith' എന്നാണ് പറയുന്നത്. ഇത് വളരെ അപൂർവ്വമായേ ഉണ്ടാകാറുള്ളൂ. പ്രേമദാസിൽ നിന്നും നീക്കം ചെയ്തത് നാൽപത് മില്ലിമീറ്ററോളം വലുപ്പമുള്ള കല്ലായിരുന്നു.

-ഡോ. ഗോപു ഹരീന്ദ്രലാൽ


ഉമിനീർ ഗ്രന്ഥി
വൃക്കയിലും പിത്താശയത്തിലും കാണുന്ന കല്ലുകൾ പോലെ സാധാരണമാണ് ഉമിനീർഗ്രന്ഥിയിലെ കല്ലുകളും. മുണ്ടിനീര് കഴിഞ്ഞാൽ ഉമിനീർ ഗ്രന്ഥികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഉമിനീർ ഗ്രന്ഥിയിലെ കല്ലുകൾ. 30 മുതൽ 60 വയസ്സ് വരെയുള്ള പുരുഷന്മാരിലാണ് കൂടുതലായി ഇത് കണ്ടുവരുന്നതെങ്കിലും വിരളമായി കുട്ടികളിലും ഇത് കാണാറുണ്ട്. ഗ്രന്ഥിവീക്കം, വേദന, ഭക്ഷണം കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ.