ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന് ഗുരുപവനപുരി നിറകണ്ണുകളോടെ യാത്രാമൊഴിയേകി. ആറര പതിറ്റാണ്ട് ഗുരുവായൂരപ്പനെ സേവിച്ച പത്മനാഭനെ അവസാനമായി കാണുന്നതിനും അന്ത്യോപചാരം അർപ്പിക്കുന്നതിനും ആയിരക്കണക്കിന് ആരാധകരാണ് പുന്നത്തൂർ ആനത്താവളത്തിൽ എത്തിയിരുന്നത്.
രാവിലെ ഒമ്പത് വരെയാണ് ദേവസ്വം പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും പത്തു മണി കഴിഞ്ഞിട്ടും ജനപ്രവാഹം തുടരുകയായിരുന്നു. ഇൻക്വസ്റ്റ് നടത്തുന്നതിനായി വനം വകുപ്പ് അധികൃതരും ഡോക്ടർമാരും കാത്തിരുന്നെങ്കിലും ആരാധകരുടെ തള്ളിക്കയറ്റം കാരണം നടപടികൾ ആരംഭിക്കാനായില്ല. ഒടുവിൽ പത്തുമണി കഴിഞ്ഞപ്പോൾ പൊലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ് നടപടികൾ ആരംഭിക്കാനായത്.
പതിവായി വൈകീട്ട് അഞ്ചിന് അടയ്ക്കുന്ന ആനത്താവളത്തിന്റെ ഗേറ്റ് ബുധനാഴ്ച രാത്രി അടച്ചിരുന്നില്ല. പത്മനാഭന്റെ ആരാധകർക്കായി ഗേറ്റ് രാത്രി മുഴുവൻ ദേവസ്വം തുറന്നിട്ടു. ബുധനാഴ്ച രാത്രിയും പത്മനാഭനെ ഒരു നോക്കുകാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ ക്ഷേത്രക്കമ്മിറ്റിക്കാരും ആരാധകരും ആനത്താവളത്തിലെത്തിയിരുന്നു.
രാവിലെ പത്തിന് ശേഷം തൃശൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുമു സ്കറിയ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പി. സാജു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ക്രെയിനിന്റെ സഹായത്തോടെ പത്മനാഭന്റെ ശരീരം പ്രത്യേകം അലങ്കരിച്ച ലോറിയിലേക്ക് കയറ്റി സംസ്കരിക്കുന്നതിനായി കോടനാട്ടേക്ക് കൊണ്ടു പോയി.