ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകൾക്ക് തുടക്കമായി. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന് ക്ഷേത്രം ഉരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൂറയും പവിത്രവും നൽകി ആചാര്യവരണം നിർവഹിച്ചതോടെയാണ് കലശ ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് നാലമ്പലത്തിനകത്ത് മണിക്കിണറിന് സമീപം മുളയറയിൽ അലങ്കരിച്ച് ശുദ്ധിക്രിയ നടത്തി പത്മമിട്ട് 16 വെള്ളിപ്പാലികകളിലായി നവര, ഉഴുന്ന്, യവം, തിന, എള്ള്, തൂവര, മുതിര, ചെറുപയർ, കടുക്, വലിയ പയർ, ചാമ, അമര എന്നിവ നനച്ച് വിതച്ച് മുളയിട്ടു. മുളയറയിൽ ഇന്നലെ മുതൽ മുളപൂജ തുടങ്ങി. തത്വകലശം വരേയും മുളയറയിൽ രണ്ട് നേരം പൂജകൾ തുടരും. മാർച്ച് 4 നാണ് തത്വകലശം. ക്ഷേത്രത്തിൽ ഇന്നലെ പ്രാസാദ ശുദ്ധിയും ഉണ്ടായി.
മഹാകുംഭ കലശപൂജയും ബിംബശുദ്ധിയുമാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ. മാർച്ച് 5ന് രാവിലെ സഹസ്രകലശവും തുടർന്ന് ബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യുന്നതോടെയാണ് കലശ ചടങ്ങുകൾക്ക് സമാപ്തിയാകുക. 6ന് ഉച്ചതിരിഞ്ഞ് 3 നാണ് ഗുരുവായൂർ ആനയോട്ടം. അന്നേ ദിവസം രാത്രി സ്വർണ്ണ കൊടിമരത്തിൽ ക്ഷേത്രം തന്ത്രി കൊടികയറ്റുന്നതോടെ പത്തുനാൾ നീണ്ട് നിൽക്കുന്ന ക്ഷേത്രോത്സവത്തിന് തുടക്കമാകും. കലശ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ ക്ഷേത്ര നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ഉത്സവദിവസങ്ങളിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറ് മുതൽ രാത്രി 10വരെ കലാപരിപാടികൾ അരങ്ങേറും. ക്ഷേത്രത്തിനകത്ത് രാത്രി ശ്രീഭൂതബലിക്ക് ശേഷം പ്രഗത്ഭരുടെ തായമ്പകയുണ്ടാകും. ദിവസവും മൂന്ന് തായമ്പകളാണ് അരങ്ങേറുക. തായമ്പകക്കൊടുവിൽ വിളക്കെഴുന്നള്ളിപ്പിന് ശേഷമാണ് ഗുരുവായൂരപ്പൻ അകത്തേക്കെഴുന്നെള്ളുക. രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും വിതരണം ചെയ്യും. രാവിലെ കഞ്ഞി, പുഴുക്ക്, പപ്പടം എന്നിവയും ഉച്ചതിരിഞ്ഞ് ചോറ്, കാളൻ, ഓലൻ, ഉപ്പിലിട്ടത് എന്നിവയും പകർച്ചയായി വിതരണം ചെയ്യും. ഉത്സവബലി ദിവസമായ എട്ടാം ദിവസം ദേശപകർച്ചയാണ്. ഗുരുവായൂരിലേയും പരിസരത്തേയും മുഴുവൻ ആളുകൾക്കും പായസത്തോട് കൂടിയ സദ്യവട്ടങ്ങളാണ് നൽകുക. മാർച്ച് 15ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
................................
പ്രധാന ചടങ്ങുകളും ദിവസവും
മാർച്ച് 4ന് തത്വകലശം
മാർച്ച് 5ന് കലശ ചടങ്ങുകൾക്ക് സമാപ്തിയാകും
6ന് ഉച്ചതിരിഞ്ഞ് 3ന് ഗുരുവായൂർ ആനയോട്ടം
6ന് രാത്രി ക്ഷേത്രം തന്ത്രി ഉത്സവത്തിന് കൊടിയേറ്റും
കലശ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.
ഉത്സവദിവസങ്ങളിൽ രാവിലെ ആറ് മുതൽ രാത്രി 10വരെ കലാപരിപാടികൾ
മാർച്ച് 15ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.