kambi-two
രണ്ട് പേരുടെ മരണത്തിനിടയാാക്കിയ പൊട്ടി വീണ വൈദ്യുതി കമ്പി

തൃശൂർ: പാടത്ത് പുല്ല് പറക്കുന്നതിനിടെ രണ്ട് സ്ത്രീകൾ ഷോക്കേറ്റ് മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. മൂർക്കനാട് താമരപ്പാടത്ത് അഡ്വ. പ്രമോദിന്റെ പാടത്ത് നെല്ലിനുള്ളിലെ കള പറിക്കുന്നതിതെത്തിയ മുടപ്പല്ലൂർ സ്വദേശിയായ തെക്കുംഞ്ചേരി വീട്ടിൽ കിട്ടുവിന്റെ ഭാര്യ കുഞ്ച (66), പാലക്കാട് തെക്കുംഞ്ചേരി സ്വദേശി കടംക്കോട് വീട്ടിൽ പളനിമലയുടെ ഭാര്യ ദേവു (65) എന്നിവരുടെ മരണമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയത്.

പാലക്കാട് നിന്ന് മൂന്നു ദിവസം മുമ്പാണ് ഇവർ ജോലിക്കെത്തിയത്. മരണത്തിലേക്കുള്ള യാത്രയും ഒരുമിച്ചായി. നേരത്തെ ഞാറ് നടുന്ന സമയത്തും ഇരുവരും എത്തിയിരുന്നു. തുടർന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. ഇന്നലെ രാവിലെ പണിക്കിറങ്ങിയ ഇരുവരും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്താതായതോടെയാണ് അന്വേഷിച്ചത്. ഇതിനിടയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദ്രവിച്ച കമ്പികൾ കാറ്റിലും മറ്റും കൂട്ടിയുരസിയപ്പോൾ പൊട്ടിവീണതാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കുടാതെ ഒരാൾക്ക് ഷോക്കേറ്റപ്പോൾ മറ്റൊരാൾ രക്ഷിക്കാൻ ശ്രമിച്ചതാകാമെന്ന നിഗമനവും ഉണ്ട്.

സംഭവത്തെക്കുറിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. വൈദ്യുതി വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യുതി വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് സമർപ്പിച്ചേക്കും. ഗാർഹിക കണക്‌ഷനുകൾ നൽകുന്ന വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതി കമ്പികൾ കാലപ്പഴക്കം വന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു.