മാള: കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്കും മുരടിപ്പിനും പ്രശ്‌ന പരിഹാരം തേടി റീബൂട്ട് കേരള ഹാക്കത്തോൺ. സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും ചേർന്ന് മാള ഹോളി ഗ്രേസ് അക്കാഡമി എൻജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച മാരത്തോൺ കാർഷിക മേഖലയ്ക്ക് പുത്തൻ പ്രതീക്ഷകൾ പകരുന്നതായി.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 180 വിദ്യാർത്ഥികൾ 30 ടീമുകളായാണ് ഹാക്കത്തോണിൽ പങ്കാളിയായത്. കൃഷി വകുപ്പിലെ ആറ് പ്രശ്‌നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്താനാണ് 36 മണിക്കൂർ തുടർച്ചയായാണ് ഹാക്കത്തോൺ നടത്തിയത്.
പൊതുസമൂഹം നേരിടുന്ന ചില പ്രശ്‌നങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്. റീബൂട്ട് കേരള ഹാക്കത്തോൺ 2020 എന്നതിലൂടെ കൃഷി വകുപ്പിലെ തെരഞ്ഞെടുത്ത പ്രശ്‌നങ്ങൾക്കും പരിഹാരം തേടുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ വകുപ്പുകളിലെ കാര്യനിർവഹണത്തിൽ പങ്കാളിയാകാനും അതിലൂടെ നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും കഴിയും. സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയും അല്ലാതെയും സാങ്കേതിക നിർദ്ദേശം സമർപ്പിക്കാം. വകുപ്പുമായി ബന്ധപ്പെട്ട വിദഗ്ധരും ഐ.ടി.മേഖലയിലുള്ളവരും ശാസ്ത്രജ്ഞരും നിർദ്ദേശം സമർപ്പിക്കും. പരിഹാര നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കായി ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്.
ആറ് പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് പരിഹാരം തേടൽ
രാജ്യത്തെ വിവിധ ഗോഡൗൺ സെന്ററുകളിൽ വിവിധ ചരക്കുകളുടെ തത്സമയ ലഭ്യത കാണിക്കുവാനുള്ള സാങ്കേതിക മാർഗ്ഗങ്ങൾ
കൃഷി ഓഫീസർമാർക്ക് ജോലി ഭാരം അനുസരിച്ച് വിഭജിച്ച് ജോലി ക്രമീകരിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ
കാർഷിക ഉദ്യോഗസ്ഥർക്ക് ഫീൽഡ് പ്രവർത്തനത്തിന് സാങ്കേതികമാർഗ്ഗം വികസിപ്പിക്കുക
കർഷകർക്ക് ആവശ്യമായ വിവിധ പദ്ധതികളുടെ വിവരം നൽകാനും അനുമതി തത്സമയമറിയിക്കുവാനും ആപ്ലിക്കേഷൻ കൃഷിക്കാരെ വകുപ്പുമായി ബന്ധിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ നേരിട്ട് ഉത്പന്നങ്ങൾ വിൽക്കാനുമുള്ള ആപ്പ് വികസിപ്പിക്കുക
കാർഷിക മേഖലയ്ക്ക് അനുയോജ്യമായ സർക്കാർ ഭൂമി തിരിച്ചറിയാനും ട്രാക്ക് ചെയ്യാനുമുള്ള വേദി ഒരുക്കുക