പുതുക്കാട്: പുതുക്കാട് - മണലി മേഖലയിലെ എറ്റവും പഴയ ഓട്ടുകമ്പനികളിലൊന്നായ കല്യാണം കമ്പനിയും ഓർമ്മയിലേക്ക്. നഷ്ടത്തിലായതോടെയാണ് പ്രവർത്തനം നിറുത്തുന്നതെന്നാണ് കമ്പനി ഉടമകളുടെ വിശദീകരണം. ഒരുകാലത്ത് മുന്നൂറോളം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാപനത്തിൽ പ്രവർത്തനം നിറുത്തുമ്പോൾ 40 ഓളം പേർ മാത്രമേയുള്ളൂ.
ഡബിൾഗാഡി മേച്ചിൽ ഓടായിരുന്നു കല്യാണം കമ്പനിയിലെ മാസ്റ്റർ പീസ്. പ്രധാന അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ക്ഷാമമാണ് ഓടുവ്യവസായത്തിന് തിരിച്ചടിയായത്. നാട്ടിൽ ക്ഷാമം നേരിട്ടതോടെ മംഗളൂരുവിൽ നിന്നായിരുന്നു മണ്ണ് എത്തിച്ചിരുന്നത്. ഉയർന്ന വിലയും, ഗുണമേന്മയില്ലായ്മയും കൂടിയായപ്പോൾ ഉത്പാദനനഷ്ടം കൂടി.
നാട്ടിൽ സമൃദ്ധമായിരുന്ന കളിമൺ ഖനനം നിയന്ത്രണമില്ലാതെ വന്നതോടെ നെൽവയലുകളെല്ലാം മൺകുഴികളായി. ഇവ മാലിന്യകേന്ദ്രങ്ങളായി മാറിയതോടെ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിവച്ചു.
ഫാക്ടറി തൊഴിലാളികളായത് കർഷക തൊഴിലാളികൾ
കാർഷിക പ്രവൃത്തികൾ മാത്രമുണ്ടായിരുന്ന മേഖലയിൽ ഓട്ടുകമ്പനികൾ ഉയർന്നതോടെ കർഷക തൊഴിലാളികളാണ് ഫാക്ടറി തൊഴിലാളികളായത്. ഇത് ജനങ്ങളുടെ ജീവിത രീതിയിലും മാറ്റമുണ്ടാക്കി. സംഘടിത ട്രേഡ് യൂണിയനുകളും ഓട്ടുകമ്പനികളോടൊപ്പം വളർന്നു.
കല്യാണം കമ്പനിയുടെ ചരിത്രം
പൂങ്കുന്നം സീതാറാം ടെക്സ്റ്റയിൽസിന്റെ സ്ഥാപകരാണ് മണലിയിൽ 1834ൽ ഓട്ടുകമ്പനി സ്ഥാപിച്ചത്. മണലി പുഴയോരത്ത് രാമപുരം ശ്രീരാമ ക്ഷേത്രത്തിനടുത്ത് പ്രവർത്തനം ആരംഭിച്ചങ്കിലും പ്രതിസന്ധിയിലായപ്പോൾ സീതാറാം ടെക്സ്റ്റയിൽസ് പങ്കാളികളായ ദേവരാജ അയ്യർ വാങ്ങി. അദ്യപേര് രാമപുരം ടൈൽസ് എന്നായിരുന്നു.
കളിമണ്ണ് തലച്ചുമടായി കൊണ്ടുവരുന്നതിന് മണലിപ്പുഴയ്ക്ക് കുറുകെ സ്വന്തമായി താത്കാലിക പാലം നിർമ്മിച്ചു. ആധുനികവത്കരണത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത സ്റ്റീം എൻജിൻ സ്ഥാപിച്ചു. കൈകൊണ്ട് പ്രവർത്തിപ്പിച്ചിരുന്ന യന്ത്രങ്ങൾ സ്റ്റീം എൻജിന്റെ സഹായത്തോടെയായിരുന്നു പിന്നീട് പ്രവർത്തനം. സമയം അറിയാൻ സൈറൺ സ്ഥാപിച്ച ഓട്ടുകമ്പനിയും കല്യാണമായിരുന്നു.
ദേവരാജയ്യരുടെ കാലശേഷം പതിമൂന്ന് മക്കളും കമ്പനിയുടെ ഉടമസ്ഥരായി. രണ്ടാമത്തെ മകനായ ഡി. അനന്ത സുബ്രഹ്മണ്യയ്യരാണ് എറെ വർഷം നയിച്ചത്. കേരള ടൈൽ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു ദീർഘകാലം അനന്തസുബ്രഹ്മണ്യ അയ്യർ. രണ്ട് വർഷത്തോളമായി മദ്രാസിൽ വിശ്രമ ജീവിതത്തിലാണ്. മറ്റ് രണ്ട് സഹോദരങ്ങളാണ് പിന്നീട് സ്ഥാപനം നടത്തിയിരുന്നത്.
ഇവരുടെ തന്നെ ഉടമസ്ഥതയിലുണ്ടായിരുന്ന രാമപുരം ശ്രീ രാമക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറിയിരുന്നു. ഒരു നാടിന്റെ ചരിത്രത്തിന്റെ ഭാഗവായിരുന്ന സ്ഥാപനം ഇനി ഓർമ്മ മാത്രമാകും. പ്രൗഡിയുടെ പര്യായമായി തല ഉയർത്തി നിന്നിരുന്ന കമ്പനിയുടെ ചിമ്മിനികളും.
ആദ്യചരിത്രം
മണലിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കാൻ കുഴിയെടുപ്പോൾ കണ്ട കളിമണ്ണ് ഓട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന് പാലം നിർമാണത്തിന് മേൽനോട്ടം വഹിക്കാനെത്തിയ ബ്രിട്ടിഷ് എൻജിനിയർമാർ കണ്ടെത്തി. അക്കാലത്ത് കോഴിക്കോട് ഫറോഖിൽ ഓട്ടു കമ്പനി പ്രവർത്തനം ആരംഭിച്ചിരുന്നു. ഫറോഖിലെ ഓട്ടുകമ്പനിയിേലക്ക് മണ്ണെണ്ണയും ഓയിലും നൽകിയിരുന്നത് വെണ്ടോർ സ്വദേശി മഞ്ഞളി ചാക്കു, സുഹ്യത്ത് ആമ്പല്ലൂർ സ്വദേശി ക്യഷ്ണൻ നായർ എന്നിവരാണ്.
മണ്ണ് കണ്ടെത്തിയ വിവരം അറിഞ്ഞതോടെ മണലിയിലെ ആദ്യത്തെ കമ്പനി സ്ഥാപിച്ചത് ഓലയും മുളയും ഉപയോഗിച്ച് നിർമ്മിച്ച ഷെഡിലായിരുന്നു. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന മരത്തിൽ നിർമ്മിച്ച അച്ചും, കാളകളെ ഉപയോഗിച്ച് ചക്രം തിരിച്ച് പ്രവർത്തിപ്പിക്കുന്ന ചക്കിൽ മണ്ണ് അരയ്ക്കുന്ന സംവിധാനവുമായിരുന്നു ആരംഭകാലത്ത്. മലബാർ ടൈൽസ് എന്നായിരുന്നു മേഖലയിലെ ആദ്യകമ്പനിയുടെ പേര്.