ചാലക്കുടി: പതിനാലു വർഷം മുൻപ് ഒരു കോടിയോളം രൂപയുടെ കൊള്ള നടത്തിയ സംഘത്തിലെ ഒരാളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി മൂലേപ്പാടം സ്വദേശി ആയില്യം വീട്ടിൽ പ്രദീപിനെയാണ് (46) സി.ഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ദേശീയ പാത മുരിങ്ങൂരിൽ 2004ലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സി ആൻഡ് സി ഗോൾഡ് ആൻഡ് ഫോറെക്‌സ് സ്ഥാപനത്തിലേക്ക് കോഴിക്കോട് ശാഖയിൽ നിന്നും കൊണ്ടുവന്ന കറൻസിയും സ്വർണ്ണവും കാറുമാണ് ചോറ്റാനിക്കര സ്വദേശി വിശ്വനാഥനും സംഘവും കൊള്ളയടിച്ചത്. അന്നത്തെ ചാലക്കുടി സി.ഐയും സംഘവും ഏഴ് പ്രതികളെ പിടികൂടിയിരുന്നു. എന്നാൽ പ്രദീപിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ദീർഘനാളത്തെ അന്വേഷണ ഫലമായാണ് പ്രദീപിന്റെ എറണാകുളം സൗത്തിലെ ഒളിസങ്കേതം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അങ്കമാലി സ്വദേശി ശ്രീജുവിന്റെ സഹായത്തോടെ തന്റെ സുഹൃത്തായ ചോറ്റാനിക്കര സ്വദേശി വിശ്വനാഥനും അങ്കമാലിയിലും ആലുവയിലുമുള്ള വേറെ കുറച്ചു പേരും ചേർന്ന് പദ്ധതി തയ്യാറാക്കിയാണ് കൊള്ള നടത്തിയതെന്ന് സമ്മതിച്ചു.
സംഘം സഞ്ചരിച്ചിരുന്ന ക്വാളിസ് വാഹനം ഓടിച്ചത് പ്രദീപായിരുന്നു. ഇതേത്തുടർന്ന് പ്രദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഈ കേസിൽ ഉൾപ്പെട്ടവർക്കെല്ലാം ത്യശൂർ അതിവേഗ കോടതി ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു. സബ് ഇൻസ്‌പെക്ടർ രാമു ബാലചന്ദ്ര ബോസ്, സീനിയർ സി.പി.ഒമാരായ സിജു തോപ്പിൽ, രഞ്ജിത് വി.ആർ, സലേഷ് പി.എ, മുകേഷ് , ദിനേശൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.