തൃശൂർ: കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന ലീഡർ കെ. കരുണാകരന്റെ സ്വന്തം ബാലന് 95ന്റെ നിറവിൽ അനുമോദന പ്രവാഹം. വന്നവർക്കെല്ലാം അന്തിക്കാട് ബാലൻ ബാലേട്ടനായിരുന്നു.
ലീഡർ എന്ന വ്യക്തിയോട് ബാലനുണ്ടായിരുന്ന കൂറിനെയും വിശ്വസ്തതയെയും കുറിച്ചായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല ഓർമ്മിച്ചത്. വീട്ടുകാരേക്കാളും ലീഡറുടെ ജീവിതത്തിൽ അവിഭാജ്യഘടകമായി മാറിയ ബാലനെ അദ്ധ്യക്ഷനായിരുന്ന മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനും ഓർത്തെടുത്തു. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നപ്പോഴും ലീഡറോടുള്ള സ്‌നേഹത്താൽ അദ്ദേഹത്തിന്റെ സഹായിയുടെ വേഷം സന്തോഷപൂർവ്വം എടുത്തണിഞ്ഞ ബാലേട്ടനെ മുൻ മന്ത്രി കെ.പി വിശ്വനാഥനും മനോഹരമായി വരച്ചിട്ടു.
സൂര്യനും ചന്ദ്രനും തമ്മിലുള്ള ബന്ധമായിരുന്നു കരുണാകരനും ബാലനും തമ്മിലെന്ന് പറഞ്ഞത് സിനിമാ നടൻ ദേവനായിരുന്നു. ഹോട്ടൽ വൃന്ദാവനിൽ നടന്ന ബാലേട്ടൻ @ 95ൽ പങ്കെടുക്കാൻ സംവിധായകൻ സത്യൻ അന്തിക്കാട് എത്തിയത് ബാലേട്ടന്റെ അനന്തരവനായിട്ടായിരുന്നു. സൗഹൃദം ബാദ്ധ്യതയായി മാറുന്ന കാലത്ത് സൗഹൃദം മഹത്തരമായ പ്രതീകമാക്കി മാറ്റിയതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകയെന്ന് സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി.
തട്ടിൽ എസ്റ്റേറ്റ് വിവാദത്തിനിടെ ഒളിവിലായിരുന്ന അച്ഛനെ കാണാൻ എന്നും രാത്രിയിൽ കൊണ്ടുപോയിരുന്ന, അച്ഛന്റെ അഭാവത്തിൽ വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യതയോടെ നടത്തിയ അച്ഛനൊപ്പമുണ്ടായിരുന്ന ബാലേട്ടനെയായിരുന്നു ലീഡറുടെ മകൾ പത്മജ വേണുഗോപാൽ ഓർത്തെടുത്തത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡോ. പി.വി കൃഷ്ണൻ നായർ, ഐ.പി പോൾ, ടി.വി ചന്ദ്രമോഹൻ, വി. രാവുണ്ണി, അഡ്വ. എസ്. അജി, എം.പി വിൻസെന്റ്, സി.ബി ഗീത, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ, വിജയൻ അമ്പലശ്ശേരി, കെ. ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.