കോടാലി: വന്യമൃഗശല്യം തടയുന്നതിന് ഫെൻസിംഗ് സ്ഥാപിക്കണമെന്നും ബ്രിട്ടീഷ്‌കാരുടെ കാലത്തുണ്ടായിരുന്നു ട്രഞ്ച് പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആനയെ കണ്ട് പേടിച്ച് ചികിത്സയിലിരിക്കെ മരിച്ച മുഹമ്മദലിയുടെ ഭാര്യ റാബിയയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
കാട്ടാനയെ കണ്ട് പേടിച്ച് മരിച്ച കുടുംബത്തിന് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണം. വനംവകുപ്പ് മന്ത്രിയോട് ഇക്കാര്യങ്ങൾ സൂചിപ്പിക്കും നിയമസഭയിൽ ഇക്കാര്യം പ്രത്യേകം ഉന്നയിക്കും. ഹാരിസൺ മലയാളം കമ്പനി ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാട്ടാനകൾ കൃഷി നശിപ്പിച്ച കർഷകർ നിവേദനം നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, ഡി.സി.സി സെക്രട്ടറിമാരായ ടി.എം. ചന്ദ്രൻ, എ. പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, എബി ജോർജ്ജ്, മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ്പ്, പഞ്ചായത്ത് അംഗങ്ങളായ ഷീല വിപിനചന്ദ്രൻ, ജോയ് കാവുങ്ങൽ, ക്ലാര ജോണി, ഷീബ വർഗീസ്, സുരേന്ദ്രൻ ഞാറ്റുവെട്ടി, എ.കെ. പുഷ്പാകരൻ, സൗമ്യ ഷിജു, മോളി തോമസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.