കാഞ്ഞാണി: സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എം.പിയുമായിരുന്ന സി.കെ ചന്ദ്രപ്പന്റെ നാമധേയത്തിൽ ചാഴൂരിൽ
നിർമ്മിച്ച സ്മാരക മന്ദിരം മാർച്ച് ഒന്നിന് വൈകിട്ട് 4 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാടിന് സമർപ്പിക്കുമെന്ന് ജില്ലാ കൗൺസിൽ അംഗവും നിർമ്മാണ കമ്മിറ്റി ചെയർമാനുമായ കെ.എം ജയദേവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സെന്റ് സ്ഥലത്ത് 2,000 ചതുരശ്ര അടിയിലാണ് രണ്ട് നില കെട്ടിടം ഉയർന്നത്. മുതിർന്ന നേതാവ് കെ.പി അവറസുകുട്ടി പതാക ഉയർത്തുന്നതോടെ ചടങ്ങ് ആരംഭിക്കും.

ജനസേവന കേന്ദ്രം ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനിൽ കുമാറും സി.കെ ചന്ദ്രപ്പന്റെയും കെ.കെ സുബ്രഹ്മണ്യന്റെയും ഫോട്ടോ അനാച്ഛാദനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവനും ജില്ലാ സെക്രട്ടറി കെ.കെ വത്സരാജും നിർവഹിക്കും.

ലൈബ്രറി ഉദ്ഘാടനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി. ആർ രമേഷ് കുമാറും നിർവഹിക്കും. സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ കെ.പി രാജേന്ദ്രൻ, ഗീതാ ഗോപി എം.എൽ.എ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. നിർമ്മാണ കമ്മിറ്റി കൺവീനറുമായ ടി.ബി ഷാജി, ലോക്കൽ സെക്രട്ടറി പി. ആർ കൃഷ്ണകുമാർ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ. പി അവറസുകുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.