തൃപ്രയാർ: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന എ.കെ.ടി.എ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന 3200 സ്വയം സഹായ സംഘത്തിന്റെ കൺവീനർമാരും സംഘടനാ ഭാരവാഹികളേയും പങ്കെടുപ്പിച്ച് നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്യാമ്പ് എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു.
നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത തയ്യൽ തൊഴിലാളി ക്ഷേമനിധി പ്രസവാനുകൂല്യവും പെൻഷനും കുടിശിഖയാണ്. ക്ഷേമനിധി നിയമം കലോചിതമായി പരിഷ്കരിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെടുന്നില്ല. തയ്യൽ തൊഴിലാളികളുടെ വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. സമരങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന നയം തൊഴിലാളി സർക്കാരിന് ഭൂഷണമല്ല. ഇത് തിരുത്തുവാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
എ.കെ.ടി.എ ജില്ലാ പ്രസിഡന്റ് പി.കെ സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ, ട്രഷറർ സി.ആർ ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമ്മിണി കുമാരൻ, പി.എം പുഷ്പകുമാരി, ജലജ അരവിന്ദൻ, ജില്ലാ നേതാക്കളായ ജോസ് തേറാട്ടിൽ, കെ.എ ജോയ്, ആർ.വി സുബ്രഹ്മണ്യൻ, ജില്ലാ കമ്മിറ്റി അംഗം ലിജി നിതിൻ തുടങ്ങിയവർ സംസാരിച്ചു.