പാവറട്ടി: പതിനെട്ടര കാവുകളിൽ പ്രശസ്തങ്ങളായ പെരുവല്ലൂർ കോട്ടു കുറുംബ, ഏനാമാവ് കരുവന്തല തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിലെ കുംഭഭരണി വേല ഉത്സവം ഇന്ന് ആഘോഷിക്കും. കോട്ടു കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി 30-ാം വാർഷിക ആചരണത്തിന്റെ ഭാഗമായി ആനചമയ പ്രദർശനം നടത്തി.
ഭരണി ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി അരുൺകുമാർ കാർമ്മികനാകും. ഗണപതി ഹോമം, ഉഷപൂജ, ഭഗവത് സേവ, പറ നിറക്കൽ വൈകീട്ട് ദീപാരാധന എന്നിവ നടക്കും. ഉച്ച തിരിഞ്ഞ് അഞ്ചോടെ 14 ഓളം ദേശങ്ങളിൽ നിന്നായി 17 ഗജവീരൻമാരോട് കൂടിയുള്ള കൂട്ടി എഴുന്നള്ളിപ്പ് നടക്കും. ഗുരുവായൂർ ദേവസ്വത്തിന്റെ അച്ചുതൻ ഭഗവതിയുടെ തിടമ്പേറ്റും. വൈകീട്ട് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ ചെണ്ടമേളം അരങ്ങേറും. തുടർന്ന് 8.30ന് ഗുരുവായൂർ വിശ്വഭാരതിയുടെ നാടകം 'പാരി' അരങ്ങേറും.
കരുവന്തല ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് പുതിയ ഗോളക സമർപ്പണം, ഉച്ചയ്ക്കും രാത്രിയും പ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് ആറ് ആനകളോട് കൂടിയ എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. കരുവന്തല കാളിദാസനും ചന്ദ്രശേഖരനും ഭഗവതിയുടെ തിടമ്പേറ്റും. നെല്ലുവായ് ശശി, ചോറ്റാനിക്കര നന്ദപ്പൻ എന്നിവർ പഞ്ചവാദ്യത്തിനും, ചെറശ്ശേരി കുട്ടൻ മാരാർ ചെണ്ടമേളത്തിനും പ്രമാണം നൽകും.14 ദേശങ്ങളിൽ നിന്നായി പാരമ്പര്യ കലാരൂപങ്ങൾ ക്ഷേത്രത്തിലെത്തും.