gvr-news-photo
ഹിന്ദു ഐക്യവേദി പ്രവർത്തകർ ക്ഷേത്രനടയിലേയ്ക്ക് നാമജപഘോഷയാത്ര പോലീസ് തടഞ്ഞപ്പോൾ

ഗുരുവായൂർ: ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവർമ്മയ്ക്ക് നൽകാനുള്ള ദേവസ്വം തീരുമാനത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ ക്ഷേത്രനടയിലേയ്ക്ക് നാമജപ ഘോഷയാത്ര നടത്തിയത് പൊലീസ് തടഞ്ഞു. 50 ഓളം പേർ പങ്കെടുത്ത നാമജപ ഘോഷയാത്ര മഞ്ജുളാൽ പരിസരത്ത് ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തടഞ്ഞത്.

നാമജപ ഘോഷയാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് നടന്ന പ്രതിഷേധ യോഗം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എ.പി. ഭരത് കുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരിയുടെ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പി.ആർ ഉണ്ണി, വിശ്വഹിന്ദു പരിഷത്ത് ജില്ല ജോ: സെക്രട്ടറി പ്രജീഷ് ചാവക്കാട്, അവണൂർ പ്രശാന്തി സേവാശ്രമം മഠാധിപതി സ്വാമിനി തപസ്യാനന്ദമയി തീർത്ഥ, എം. മഹേഷ് എന്നിവർ സംസാരിച്ചു.

പൂന്താനം ദിനാഘോഷത്തോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമയത്തായിരുന്നു പ്രതിഷേധ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്. ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവർമ്മയ്ക്ക് നൽകാനുള്ള ദേവസ്വം തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയും ഒരു ഭക്തൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പുരസ്‌കാരം പ്രഭാവർമ്മയ്ക്ക് നൽകുവാനുള്ള തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.