തൃശൂർ : കോർപറേഷൻ പ്രതിപക്ഷ നേതൃസ്ഥാനത്തെ മാറ്റങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നുതന്നെ മാറ്റിയതിനെതിരെ എം.കെ മുകുന്ദൻ ഡി.സി.സി പ്രസിഡന്റിനെതിരെ പരാതി നൽകിയിരുന്നു. ഇതിനിടെ ഐ ഗ്രൂപ്പിന് അവകാശപ്പെട്ട പ്രതിപക്ഷ നേതൃസ്ഥാനം എ ഗ്രൂപ്പിന് വിട്ടു കൊടുത്ത നടപടിയിലാണ് രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചത്.

ഐ ഗ്രൂപ്പ് നേതാക്കളായ ഐ.പി പോൾ അടക്കമുള്ളവരെ വിളിച്ചു വരുത്തിയാണ് തന്റെ അതൃപ്തി അറിയിച്ചത്. നേതൃമാറ്റം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നോയെന്നും ചെന്നിത്തല നേതാക്കളോട് ചോദിച്ചു.

ഹൈമാസ്റ്റ് ലൈറ്റുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയുടെ അഴിമതിക്ക് കൂട്ടു നിൽക്കാത്തതാണ് ടി.എൻ പ്രതാപനെ പ്രകോപിതനാക്കിയതെന്ന ഗുരുതര ആരോപണമാണ് മുകുന്ദൻ ഉയർത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിനെ ഭിന്നിപ്പിക്കുന്ന നടപടിയാണ് പ്രതാപന്റേത്. ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപന്റെയും മുൻ എം.എൽ.എ എം.പി വിൻസെന്റിന്റെയും നിർദ്ദേശ പ്രകാരം കോർപറേഷനിലെ ഭരണപക്ഷ ചെയർമാന്റെ മുറിയിൽ യോഗം ചേർന്ന് ഗൂഢാലോചന നടത്തിയാണ് പുറത്താക്കിയതെന്നും മുകുന്ദൻ ആരോപിച്ചു.
എതാനും ദിവസം മുമ്പാണ് എം.കെ മുകുന്ദനെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും ജോൺ ഡാനിയേലിനെ ഉപനേതാവ് സ്ഥാനത്ത് നിന്നും മാറ്റിയത്. ഇതിനിടെ കളക്ടറേറ്റ് പടിക്കൽ നടക്കുന്ന മലയോര പട്ടയ സമരത്തെ അഭിവാദ്യം ചെയ്യാൻ പ്രതിപക്ഷ നേതാവ് എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയതും വിവാദമായി.

ഒല്ലൂരിലെ പ്രമുഖ നേതാവും ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹിയും ചേർന്നാണ് പ്രതിപക്ഷ നേതാവിനെ പിൻതിരിപ്പിച്ചതെന്ന് സമര സമിതി കൺവീനർ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. പ്രതാപനെതിരെ കഴിഞ്ഞ ദിവസം പി.എ മാധവനും ജോൺ ഡാനിയേലും രംഗത്ത് വന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും പ്രതാപനെതിരെ വിമർശനം ഉയരുന്നുണ്ട്.