വടക്കാഞ്ചേരി: നഗര വികസനത്തിന്റെ ഭാഗമായി നടക്കുന്ന അളക്കലും പൊളിക്കലും തലതിരിഞ്ഞ രീതിയിലാണെന്ന് വ്യാപാരികൾ. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പത്ത് വർഷം മുമ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ വ്യാപാരിയുടെ ബഹുനില കെട്ടിടങ്ങൾ വരെ വ്യാപാരികൾ പൊളിച്ചു നീക്കി. എന്നാൽ ഇപ്പോൾ വീണ്ടും പൊളിക്കാനായി അളന്ന് കല്ലിട്ടതിനെതിരെ വ്യാപാരികൾ പ്രതിഷേധം ഉയർത്തുകയാണ്.

ഓട്ടുപാറയിൽ ഒരിടത്ത് കെട്ടിടം പൊളിച്ചു നീക്കാനായി കല്ലിട്ടതിനെ തുടർന്ന് കച്ചവട സ്ഥാപന ഉടമ പാരാതിയുമായി എത്തിയപ്പോൾ ഇട്ട കല്ല് പുഴക്കിയെടുത്ത് അധികൃതർ തന്നെ മാറ്റി കുഴിച്ചിട്ടു. റോഡ് വീതികൂട്ടുന്നതിനായി പൊതുമരാമത്ത് നിരത്ത് വിഭാഗം ആവശ്യപ്പെട്ട പ്രകാരം ജില്ലാ സർവേ അധികൃതരാണ് സർവേ നടത്തി കല്ലിട്ടത്. സർവെയിൽ വ്യാപകമായ ക്രമക്കേട് നടന്നതായാണ് ആക്ഷേപം.

പ്രശ്‌നത്തിൽ വടക്കാഞ്ചേരിയിലെ വ്യാപാരികളും, സ്ഥലമുടമകളും ആശങ്കയിലാണ്. കഴിഞ്ഞ 25 വർഷത്തിനിടെ പല തവണകളിലായി നാലിലേറെ തവണ കൈയേറ്റങ്ങളുടെ പേരിൽ സ്ഥലം വിട്ടു നൽകിയിരുന്നു. എന്നാൽ ഇപ്പോൾ നടത്തിയ സർവേയിലും സ്ഥലം വിട്ടു നൽകാനായി നോട്ടീസ് നൽകിയിട്ടുണ്ട്. പല കച്ചവട സ്ഥാപനങ്ങൾക്കും ഉള്ളിലായാണ് പുതുതായി മാർക്ക് ചെയ്തിട്ടുള്ളത്.

പത്ത് വർഷം മുമ്പ് സ്ഥലം അളന്ന് നോട്ടീസ് കിട്ടിയപ്പോൾ സ്ഥലം നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ ശരീരം തളർന്ന് കിടപ്പിലായ വ്യാപാരി ഇപ്പോഴും കിടപ്പിൽ തന്നെയാണ്. പിന്നീട് ഇയാളുടെ സ്ഥലം വീണ്ടും അളന്നപ്പോൾ പുറമ്പോക്കില്ലെന്ന് കണ്ടെത്തിയിരുന്നു. അന്ന് കിടപ്പിലായ വ്യാപാരിയുടെ ജീവിതത്തിൽ വന്ന നഷ്ടം നികത്താകില്ലെന്ന് മാത്രം. കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ വൻ ക്രമക്കേടാണ് സർവേയുടെ മറവിൽ നടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

സർവേ ഉദ്യോഗസ്ഥർ പുറമ്പോക്കാണെന്ന് കണ്ടെത്തിയ കെട്ടിട ഉടമകൾക്കാണ് പൊളിക്കാൻ നോട്ടീസ് നൽകിയിട്ടുള്ളതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. നേരത്തെ പൊളിച്ചു മാറ്റിയ സ്ഥലം ഉടമകൾക്ക് വീണ്ടും പൊളിച്ചു നീക്കാൻ നോട്ടീസ് ലഭിച്ചപ്പോൾ ചിലർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്.

വികസനത്തിന് എതിരല്ല
ഓരോ തവണ അളക്കുമ്പോളും എങ്ങനെയാണ് വ്യത്യാസം വരുന്നത് ? മാറിവരുന്ന ഉദ്യോഗസ്ഥരാണ് സ്ഥലം അളക്കുന്നത്. ഇവർക്ക് വടക്കാഞ്ചേരിയുടെ ഭൂമിശാസ്ത്രം അറിയാത്തതിനാൽ തോന്നിയപോലെ അളന്ന് മാർക്ക് ചെയ്യുകയാണ്. വടക്കാഞ്ചേരിയുടെ വികസനത്തിനൊപ്പം എന്നും നിന്നിട്ടുള്ള വ്യാപാരികൾ വികസനത്തിന് എതിരല്ല. എന്നാൽ തങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ ഇടപെടണം. വിഷയം എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

- വ്യാപാരികൾ

അശാസ്ത്രീയം

25 വർഷത്തിനിടെ നാലിലേറെ തവണ സ്ഥലമെടുത്തെന്ന് വ്യാപാരികൾ

10 വർഷം മുൻപ് സ്ഥലം നഷ്ടപ്പെട്ടവർക്ക് വീണ്ടും പുതിയ നോട്ടീസ് കിട്ടി

പൊതുമരാമത്ത് വകുപ്പിനായി സർവേ നടത്തിയത് ജില്ലാ സർവേ വകുപ്പ്

പുതിയ മാർക്കിംഗ് കച്ചവട സ്ഥാപനങ്ങൾക്ക് ഉള്ളിലെന്ന് വ്യാപാരികൾ

പൊളിക്കാൻ നോട്ടീസ് കിട്ടിയപ്പോൾ ചിലർ കോടതിയിൽ നിന്ന് സ്റ്റേ നേടി