തൃശൂർ: അലന്റെയും താഹയുടെയും അറസ്റ്റിൽ പൊലീസ് ഉരുണ്ടു കളിക്കുമ്പോൾ അറസ്റ്റിനെ ചോദ്യം ചെയ്യാനും എതിർക്കാനും സി.പി.എമ്മിൽ ആരുമില്ലാത്തത് ലജ്ജാകരമാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ജയദേവൻ ആരോപിച്ചു.

യു.എ.പി.എ ചുമത്തി അലൻ ഷുഹൈബിനും താഹ ഫൈസലിനും നീതിയാവശ്യപ്പെട്ട് മനുഷ്യാവകാശ പൗരാവകാശ സാമൂഹ്യ പ്രവർത്തകർ സംഘടിപ്പിച്ച ഉറങ്ങാത്ത രാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കരിനിയമങ്ങൾക്കെതിരെ പരസ്യമായി നിലപാടെടുത്തിട്ടുള്ളതാണ് സി.പി.എം. പക്ഷേ, കേരളത്തിൽ അത് നടപ്പിലാക്കുമ്പോൾ ചോദ്യം ചെയ്യാൻ കഴിയാതെ പോകുന്നത് പരിശോധിക്കപ്പെടണം. അതിന് കെൽപ്പുള്ളവർ സി.പി.എമ്മിൽ ഉണ്ടാകണമെന്നും ജയദേവൻ പറഞ്ഞു. കെ. വേണു, അജിത, ഡോ. ആസാദ്, പാർവ്വതി പവനൻ, പി.കെ പോക്കർ തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10 വരെയാണ് സമരം.