കൊടുങ്ങല്ലൂർ: കഴിഞ്ഞ വർഷത്തെ സംസ്ഥാന കായകൽപ്പ അവാർഡിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തിനുള്ള 10 ലക്ഷം രൂപ കൊടുങ്ങല്ലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിക്ക് ലഭിക്കും. ഒന്നാം സ്ഥാനത്തിനുള്ള 15 ലക്ഷം രൂപയ്ക്ക് പയ്യന്നൂർ താലൂക്ക് ആശുപത്രി അർഹത നേടി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് 95.08 ശതമാനം മാർക്കാണ് ലഭിച്ചത്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി താമരശ്ശേരിയും ഇതേ മാർക്ക് നേടി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായാണ് സർക്കാർ കായകൽപ്പ് അവാർഡ് ആവിഷ്‌കരിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ് നൽകുക.